Sunday, April 5, 2015

ജെ സി ബി മാന്താത്ത പാട്


നാട്ടിലുള്ള കാലത്തെന്നും പരിഭവം ആയിരുന്നല്ലോ
കുഗ്രാമമാണ് ബസ്സോട്ടമില്ലാത്ത കാട്ടുമുക്കാണ്, ആസ്പത്രി ഇല്ലാത്ത നാടാണ്, ഒന്നാസ്പത്രി വരെ പോണങ്കില്‍ തന്നെ വീട്ടില്‍ നിന്നും രണ്ടു വശവും നെല്പാടങ്ങളുള്ള ഈ അടുത്ത കാലത്തൊന്നും ടാര്‍ ഇടാന്‍ സാധ്യത ഇല്ലാത്ത വലിയതും ചെറുതുമായ ഉന്തും, മുഴയും, മൂര്‍ച്ചയും ഉള്ള കല്ലുകള്‍ ആര്‍ക്കോ വേണ്ടി ആരോ പാകിയ മണ്‍ റോഡിലൂടെ കിലോമീറ്റെറോളം നടന്നു പോയി ബസ് സ്റ്റോപ്പില്‍ കാത്ത് നിക്കണം ,ഒരു കാര്‍ വിളിക്കണമെങ്കില്‍ മൂന്നോ നാലോ കിലോമീറ്റര്‍ നടന്നു പോണം. ബസ്സ്‌ സ്റ്റോപ്പ്‌ എന്ന് കേട്ടാല്‍ തോന്നും ഏതോ വലിയ സ്റ്റോപ്പ്‌ ആണെന്ന് , വര്‍ഷങ്ങളായി നടത്തുന്ന മാധവേട്ടന്‍റെ പലചരക്ക് പീടിക അതിനോട് ചേര്‍ന്ന് നിക്കുന്ന ചായക്കട, അതിന്‍റെ അടുത്ത് സുധാകരേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പ്, പിന്നെ ഒരു സി ഐ ടി യു ഷെഡും ഒരു ഐ എന്‍ ടി യു സി ഷെഡും അതിന്‍റെ പിന്നില്‍ വലിയ പഞ്ചായത്ത് കിണര്‍ അടുത്തായി ആയി കറുത്ത നിറമുള്ള ഒരു പെട്ടികട. ഇത്രേള്ളൂ......
സാഹചര്യങ്ങള്‍ അവനു പുതിയ ഒരു വിളിപേരു നല്‍കി
" പ്രവാസി" സ്വന്തം നാടിന്‍റെ ഭംഗിയും സൌന്ദര്യവും മനസ്സിലാക്കാന്‍ പ്രവാസിയാവേന്ടി വന്നു...
വര്‍ഷങ്ങള്‍ വാടിയ മൂവാണ്ടന്‍ മാങ്ങ പോലെ നമ്മള്‍ ആഗ്രഹിക്കാതെ തന്നെ വീണു കൊണ്ടിരുന്നു..
അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നു യാത്രയില്‍ ഒന്ന് മയങ്ങിയപ്പോള്‍ സ്വന്തം ഗ്രാമവും ഓടി നടന്ന ആ പഴയ തറവാടും, മൂവാണ്ടന്‍ മാവും, ഒട്ടുമാവും, സീത പഴവും, പുളി മരങ്ങളും, കായ്ച്ചു നിറഞ്ഞ തെങ്ങുകളും, മുളം കൂട്ടത്തിനു അരികിലായി തലയുയര്‍ത്തി നിക്കുന്ന വരിക്ക പ്ലാവും, കണ്ണില്‍ വന്നു നിറഞ്ഞു നിന്നു. എല്ലാം തനിക്ക് പ്രിയപെട്ടതായിരുന്നു കുട്ടിക്കാലത്തെ ആട്ടി പായ്ച്ചത് ഇവയൊക്കെ ആയിരുന്നു.. കണ്ണുകള്‍ ഒന്നുകൂടി ഇളക്കിയാട്ടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
വിഷുക്കാലത്ത് മാലപടക്കം പൊട്ടിക്കാന്‍ തൂക്കിയിട്ടത് ചെറിയൊരു പുളി മര തയ്യിലാരുന്നു പൊട്ടി തീര്‍ന്നതില്‍ നിന്ന് ഒരെണ്ണം എടുത്തു കത്തിച്ചു വായില്‍ വെച്ച് മാല പടക്ക ബീഡി വലിച്ചതും രണ്ടാമത്തെ ബീഡി കത്തിച്ച പാടെ കയ്യിലിരുന്നു പൊട്ടിയതും കുറെ നേരം ആകാശത്തിലെ നക്ഷത്രങ്ങളെല്ലാം ഭൂമിയില്‍ ഇറങ്ങി വന്നു തനിക്കു ചുറ്റും മുക്കാല മുക്കാബലാ ഓ ലൈല കളിച്ചതും...
തെങ്ങ് കയറാന്‍ വന്ന ചന്ദ്രേട്ടന്‍ മറന്നിട്ട് പോയ തളപ്പ് ഇട്ടു തെങ്ങ് കയറാന്‍ നോക്കിയതും ഒരാള്‍ പൊക്കത്തില്‍ കയറി മ്മളെ കൊണ്ടു കൂട്ട്യാ കൂടില്ല്യ എന്ന് മനസ്സിലാക്കി തിരിച്ചു ഉരസി പോന്നതും കുണ്ടറ കുത്തി വീണതും പിന്നെ ആദ്യത്തെ തെങ്ങ് കയറ്റത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തെങ്ങിന്‍റെ വക ചുവന്ന ഓട്ടോഗ്രാഫ് നെഞ്ചില്‍ കിട്ടിയതും..
ആക്രാന്തം മൂത്ത് സീത പഴം പൊട്ടിച്ചു ഓടി വന്നു വീടിന്‍റെ പടികല്ലില്‍ തട്ടി താടി കുത്തി വീണതും വീട്ടുകാര്‍ എടുത്തു കൊണ്ടോടിയതും താടിയിലെ തുന്നികെട്ടുമായ് നടന്നതും ..
എല്ലാം എല്ലാം ...
ഞെട്ടിയുണരുമ്പോള്‍ വീടെത്തിയിരിക്കുന്നു, കാറില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുന്പ് അയാള്‍ തൊട്ടടുത്തുള്ള തന്റെ പഴയ തറവാട്ട്‌ വളപ്പിലേക്കാന്നു പോയത്..
ജെ സി ബി മാന്തിയ പാടുകള്‍ അല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല... ഒന്നും.
കരഞ്ഞു കലങ്ങിയ കണ്ണുമായി പടി ഇറങ്ങുമ്പോള്‍ അയാള്‍
സ്വന്തം താടിയിലെ ആ പഴയ തുന്നികെട്ടിന്‍റെ പാട് തടവി കൊണ്ടു മനസ്സില്‍ പറഞ്ഞു
താടിയിലെ ഈ പാട് മതി ഞാന്‍ ജീവിച്ചത്തിന്‍റെ ഓര്‍മ്മക്കായി .
ഒരു ജെ സി ബി ക്കും മാന്താന്‍ കൊടുക്കാതെ ജീവനുള്ളിടത്തോളം കാലം എന്നോടൊപ്പം.

3 comments:

uttopian said...

നൊസ്റ്റാള്‍ജിയ

Manu Manavan Mayyanad said...

മനോഹരം ... അന്ന് കുണ്ടറ കുത്തി വീണ പാട് ഇപ്പഴും അവിടെ തന്നെയുണ്ടോ ഹ ഹ ഹ

ഒരു ഭ്രാന്തൻ said...

കലക്കി

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍