Friday, June 27, 2014

യുനിക്ക് കോളെജ് ആന്‍ഡ്‌ രവി മാഷ്‌..

പത്താം ക്ലാസ്‌ പഠന  സമയത്ത് മുള്ളൂര്‍ക്കര തിരുവാണിക്കാവ് അമ്പലത്തിനോട് ചേര്‍ന്ന് നിക്കുന്ന യുനിക് കോളേജില്‍ ട്യുഷനു  പോയിരുന്ന കാലം. ഒരു പഴയ വീടായിരുന്നു അവര്‍ കോളേജ് ആക്കിയത്‌, ഞങ്ങടെ കണക്ക് പഠിച്ചിരുന്ന ക്ലാസ്സ്‌റൂമില്‍ അമ്മി കല്ല്‌ സിമന്റില്‍ പിടിപ്പിച്ചിരുന്നു. പിന്നിലെ അടുക്കള ആണ് ഹിന്ദി ക്ലാസ്‌ അവ്ടന്നു പുറത്ത്‌ ഇറങ്ങിയാല്‍ കിണര്‍. അങ്ങനെ ഹോംലി ആയി പഠിക്കാന്‍ അവസരം ഉണ്ടായിട്ടും കൂടുതല്‍ കളിച്ചും കുറച് പഠിപ്പും ആയി അര്‍മാദിച്ചു നടന്ന കാലം.

കണക്ക് പഠിപ്പിക്കുന്ന ഡബിള്‍ രാജന്‍ മാഷ്‌ (രാജരാജന്‍ എന്ന പേരിന്‍റെ ആംഗലേയ വല്കരണം) കണക്കില്‍ ഉള്ള എന്‍റെ അമിത താല്പര്യം കാരണം മിക്കവാറും മൂപ്പരടെ ക്ലാസ്സ്‌ ഉള്ള ദിവസം പനിയും തലവേദനയും ആയതിനാല്‍ ആ ദിവസത്തെ ലീവ് നല്‍കുവാന്‍ അപേക്ഷിക്കുന്നു എന്ന ലെറ്റര്‍  ഡേറ്റ് ഇടാതെ ഒരു ഇരുപത്തഞ്ച് കോപ്പി വീടിന്‍റെ അടുത്തുള്ള മുജീബിന്‍റെ ഇക്ക കോയകുട്ടിയെ കൊണ്ട് എഴുതിച്ച് തയ്യാറാക്കി വെച്ചിരുന്നു. ആഴ്ചയില്‍ ഓരോന്ന് എടുത്തു പെടക്കും .  മാഷ്‌ ഇപ്പൊ കെ സ് ആര്‍ ടി സിയില്‍ കണ്ടക്ടര്‍ ആണ്. ഇടയ്ക്കു പേപ്പറില്‍ കെ സ് ആര്‍ ടി സി ക്കാര്‍ക്ക് സാലറി ഈ മാസം ഇല്ല എന്ന ന്യൂസ്‌ കാണുപോള്‍ ഞാന്‍ മാഷെ ഓര്‍ക്കും.

എല്ലാം  അറിയുന്നവന്‍ കൃഷ്ണന്‍ കുട്ടി മാഷ്‌.(ജഗന്‍)
ഫിസിക്സ്‌ , ബയോളജി , ഹിന്ദി ഇനി ആളില്ലത്ത ഏതു സബ്ജെക്ടും ഡീല്‍  ചെയ്യാന്‍ പറ്റിയ ആള്‍ കൃഷ്ണന്‍ കുട്ടി മാഷ്‌  ഒരു പ്രത്യേക ശൈലി ആയിരുന്നു മൂപ്പര്‍ക്ക്, ഇടയ്ക്കിടയ്ക്ക് ല്ലേ ല്ലേ എന്ന് ചോദിക്കും  ക്ലാസ്സ്‌ തുടങ്ങിയ ജൂണ്‍ മാസം ഒന്നാം തിയതി വന്നു എല്ലാരേയും പരിജയപെടും . പിന്നെ തുടങ്ങും  "ഇന്ന് ജൂണ്‍ ഒന്ന് ല്ല്ല്ലേ , എല്ലാരും ചിരിച്ച് കളിച്ച വന്നു ,  നിങ്ങള്‍ വിചാരിക്ക്യാവും  പരീക്ഷ വരാന്‍ ഇനിയും പത്തു മാസം ഉണ്ട്ട്  ല്ല്ലേ ,  എന്നാ കേട്ടോ  നിങ്ങടെ ക്ലാസ്‌ ജനുവരി മുപ്പതിന് തീരും പിന്നെ സ്റ്റഡി ലീവ് ആണ് അപ്പൊ എട്ടു മാസം  ചാല്‍  ഇരുനൂറ്റി നാല്‍പതു ദിവസം ല്ല്ലേ  ഒരു മാസത്തില്‍ എട്ടു ലീവ് , ശനി ഞായര്‍. അപ്പൊ എട്ടു  മാസത്തില് അറുപത്തി നാല് പോയി നൂറ്റി എഴുപത്താര് ല്ലേ  .പിന്നെ ഓണത്തിന് ഒരു പത്ത് ദിവസം,  ക്രിസ്മസിന് ഒരു പത്തു അപ്പൊ നൂറ്റി അമ്പത്താറു ദിവസം ല്ല്ലേ.  പിന്നെ നമ്മടെ നാട്ടില്‍ പത്ത് പന്ത്രന്റ്റ്‌ പൂരം ഉണ്ട്ട് ചെണ്ട പുറത്ത്‌ കോല് വെച്ചാ അവടെ എത്തന്‍ടെ,  രാത്രി പൂരം വരെ കണ്ടു രണ്ടു ദിവസത്തെ ലീവ് എടുത്താല്‍ ഇരുപത്തി നാല് അപ്പൊ നൂറ്റി മുപ്പത്തി രണ്ടു. പിന്നെ പിറന്നാല്‍ , കല്യാണം , അടിയന്തിരം, ഇരുപതെട്ട് എന്നൊക്കെ പറഞ്ഞു വര്‍ഷത്തില്‍ ഒരു ഇരുപതു ദിവസം അപ്പൊ നൂറ്റി പന്ത്രന്റ്റ്‌ ദിവസം. പിന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന ഹര്‍ത്താല്‍ ബന്ദ്‌ പണി മുടക്ക് എല്ലാം കൂടി ഒരു ഇരുപതു അപ്പൊ തോന്നൂട്ടിരന്ടു. പിന്നെ സ്കൂളില്‍ ഇലെക്ഷന്‍, പിന്നെ സമരം യൂത്ഫെസ്ടിവല്‍ എല്ലാം കൂടി ഒരു പതിനഞ്ചു ദിവസം അപ്പൊ എഴുപത്തി ഏഴു ദിവസം ല്ലേ   ഒരു പനി വന്നാ ഒരാഴ്ച് പോയി അപ്പൊ ഇനി വെറും എഴുപതു ദിവസം മാത്രം. നിങ്ങള്‍ക്ക് ആകെ വിഷയങ്ങള്‍ എത്ര ? പന്ത്രന്ട്ട് അപ്പൊ ഒരു വിഷയം പഠിക്കാന്‍ എഴുപതു ബൈ പന്ത്രന്ട്ട് = ആറു ദിവസം മാത്രം ല്ല്ലേ"

എന്ന്  പറഞ്ഞു മൂപ്പര്‍ എഴുന്നേറ്റു പോകും ഷോക്ക് അടിച്ച പോലെ ഞങ്ങളും. പിന്നെ അടുത്ത ക്ലാസ്സില്‍ പോയി വീണ്ടും ഇതേ സ്റ്റോറി.

ഏറ്റവും ബോര്‍ അടിപ്പിച്ചിരുന്ന ക്ലാസ്സ്‌ രവി മാഷടെ ആയിരുന്നു കാരണം പലതാണ് കോളേജിന്റെ ഉടമസ്ഥന്‍ , മാസം മാസം ഫീസ് ചോദിക്കും ഇടയ്ക്കുനാട്ടിലെ ആരെകിലും കണ്ടാല്‍ നമ്മടെ കമ്പ്ലൈന്റ്റ് വീട്ടില്‍ എത്തിക്കും പിന്നെ  ജ്യോഗ്രഫി ആണെടുക്കനത്. അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക   ഭൂകന്ടവും ഭൂമധ്യ രേഖയും എന്ന് വേണ്ട ഭൂമികുലുക്കതിന്റെ കാരണങ്ങളും എല്ല്ലാം പഠിപിച്ചുഞങ്ങളെ വെറുപ്പിച്ചിരുന്ന മാഷിനെ, അന്നത്തെ പൊട്ട ബുദ്ധി കാരണം മനസ്സില്‍ കുറെ ചീത്ത പറഞ്ഞിരുന്നു.

അങ്ങനെ റിസള്‍ട്ട്‌ വരാറായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ നല്ല മാര്‍ക്ക് വാങ്ങി ജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്ട് തന്നെ കാണുന്നവര്‍ ചോദിക്കുന്നു ഏതു  കോളേജിലാ ചേരുന്നത്, ഫസ്റ്റ് ഗ്രൂപ്പ്‌ ആണോ അതോ സെക്കന്റ്‌ ഗ്രൂപ്പ്‌ ആണോ എടുക്കനത്,  നന്നായി പഠിക്കുന്നവര്‍ ഒന്നുകില്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍.  കോളേജില്‍ ഒക്കെ പോവുമ്പോ കുറച്ചു നല്ല ഷര്‍ട്ടും പാന്‍റും വേണം എന്ന എന്റെ അപേക്ഷ പരിഗണിച്ചു വീട്ടില്‍ നിന്നും ഫണ്ട് പാസ്സായി, ആ പൈസയും കൊണ്ട്ട് വടക്കാഞ്ചേരി പോയി മൂന്നു  ഷര്‍ട്ടും  രണ്ടു പാന്‍റും തയിപ്പികാന്‍ എടുത്തു തുന്നാന്‍ അത് വരെ കൊടുത്ത ആളു പോരാ പുതിയ മോഡല്‍ വേണം ന്നു പറഞ്ഞു വടകര പോയി തുന്നാന്‍ പഠിച്ച ബാബുവേട്ടനെ കൊണ്ട് തുന്നിപ്പിച്ചു.

പേപ്പറില്‍ റിസള്‍ട്ട്‌ വരണത്തിന്റെ തലേന്ന് യുനിക് കോളേജില്‍ വന്ന റിസള്‍ട്ട്‌ അറിയാന്‍ എല്ലാരും എത്തി എന്‍റെ നമ്പരിന്റെ സ്ഥാനത്ത്‌ ഒരു സ്റ്റാര്‍,    നാല് പേരുടെ നമ്പരാണ് വരാന്‍ സാധ്യത ഉള്ളത് എന്‍റെയാകാം,  സതീഷ്‌ എം ബിയുടെതാകാം പിന്നെ വേറെ രണ്ടു പേരുടെതാകാം. മറ്റുള്ളവര് എന്തായാലും തോല്‍ക്കും എന്ന് ഉറപ്പുള്ളത്കൊണ്ടു ഞാന്‍ ഉറപ്പിച്ചു അതു എന്‍റെ നമ്പര്‍ തന്നെ അപ്പോളാണ് വെടികെട്ടിനു തീ കൊടുക്കാന്‍ നേരത്ത് പെയ്ത മഴ പോലെ ഒരുത്തന്‍  സതീഷ്‌ എം ബി അവന്‍ എല്ലാം അവസാനിപ്പിച്,  ഉണ്ടാരുന്ന പഴയ പുസ്തകം പകുതി വിലക്ക് വിറ്റ് ആ കാശും കൊണ്ട്ട് കോയമ്പത്തൂര്‍ക്ക് പോകുന്നു സ്വര്‍ണ്ണ പണി പഠിക്കാന്‍,  പോണ പോക്കിന് മ്മക്കിട്ടൊരു പണി പണിതു ചുള്ളന്‍ സ്കൂട്ടായി.  അതവന്‍റെ നമ്പരാണ് എന്ന് അവന്‍ പറഞ്ഞു

മൂന്ന് നാല്  ദിവസം കഴിഞ്ഞു, നാട്ടില്‍ ജയിച്ചവര്‍ സന്തോഷിക്കുകയും അല്ലാത്തവര്‍  പണിക്ക് പോകാനും തുടങ്ങി ഞാന്‍ മാത്രം ഇതിനു രണ്ടിനും ഇടയില്‍ ഉള്ള അവസ്ഥയിലും  പെട്ട് വട്ടം തിരിഞ്ഞു നടന്നു.

ഒരു ദിവസം മുള്ളൂര്‍ക്കരയില്‍ പോയ എന്നെ അവടെ കണ്ട നമ്മടെ രവി മാഷ് കൈ കൊട്ടി  വിളിച്ചു   എനിക്ക് സംസാരിക്കാന്‍ താല്പര്യം ഇല്ലാരുന്നു കാരണം ഇനി ആളോടും പറയണം ഈ കഥ പിന്നെ ഒടുക്കത്തെ ഉപദേശം ആകും. ഞാന്‍ മനസ്സില്ലാ മനസ്സോടെ കാര്യം പറഞ്ഞു മുഴുവന്‍ കേട്ട് മാഷ്‌ എന്‍റെ കൈ പിടിച്ചു വലിച്ചു തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തില്‍ പോയി അന്ന് മന്ത്രി ആയിരുന്ന രാധാകൃഷ്ണന്‍റെ പേര്‍സണല്‍ അസ്സിടന്ടിനു വിളിച്ചു പറഞ്ഞു “രവി മാഷാണ് .. രാധാകൃഷ്ണനെ പഠിപ്പിച്ച മാഷാണ് ഒരു നമ്പര്‍ ജയിച്ചോ എന്നറിയണം” നമ്പര്‍ കൊടുത്തു അഞ്ചു മിനിറ്റ്‌ കഴിഞ്ഞു ബൂത്തിലെ ഫോണില്‍ മന്ത്രിടെ ഓഫീസിന്നു ഫോണ്‍ എന്‍റെ റിസള്‍ട്ട്‌ പ്രക്യാപിച്ചു.

റാങ്ക് കിട്ടിയവര്ടെ പേര്‍ വിദ്യാഭ്യാസ മന്ത്രി പ്രക്യപിച്ചപ്പോള്‍ എന്‍റെ റിസള്‍ട്ട്‌ യുവജന ക്ഷേമ മന്ത്രിയും.

അന്ന് മുതലാണ് രവിമാഷിനെയും  മൂപ്പര്‍ പഠിപ്പിച്ച  അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക  ഭൂകന്ടവും ഭൂമധ്യ രേഖയും എല്ലാം ഞാന്‍ ഇഷ്ടപെട്ട് തുടങ്ങിയത്.

ഞാനാ സാറെ പ്രതി പക്ഷെ ഞാനല്ല സാറെ പ്രതി

നാട്ടില്‍ ഒരു അതിര്‍ത്തി തര്‍ക്കം നടക്കുന്നു വാസു ഏട്ടന്‍ അയാല്കാരനായ ബാലേട്ടനെതിരെകേസ് കൊടുത്തു സ്നേഹം മൂത്തപ്പോ അതിര്‍ത്തിയില്‍ സ്ഥാപിച്ച അതിര്‍ത്തി സംരക്ഷണ  യന്ത്രം (വേലി) പൊളിച്ചു അത് കത്തിച്ച് വെള്ളം തിളപ്പിച്ച്‌ ഒരു കുളി പാസാക്കി വാസുഎട്ടന്‍ അയല്‍ക്കാരനെ  നോക്കി അട്ടഹസിച്ചു. 

ഇതിനു പ്രതികാരം ആയി ബാലേട്ടന്‍ മായ ബസില്‍ കേറി  വടക്കാഞ്ചേരി പോയി പോലീസില്‍  കേസ് കൊടുത്തു. അതിനു പിന്നില്‍ വരുന്ന നവനീത് ബസില്‍ പോയി വസുഎട്ടനും കേസ് കൊടുത്തു. ആകെ കൂടി  ജഗപോക.

പോലീസ്‌ ജീപ്പ് വന്നു എസ് ഐ ചാടി ഇറങ്ങി. അവടെ നടക്കുന്ന സംഭവം കാണാന്‍ കുറെ പേര്‍ വരി വരി ആയി നില്‍ക്കുന്നു ഞാന്‍ ഷാജു പിന്നെ പ്രതീഷ്  ഏട്ടന്‍ മുതലായവര്‍. എസ് ഐ മീശ പിരിച്ചു കണ്ണുരുട്ടി , കയ്യിലെ ലാത്തി ചുഴറ്റി വീശി കൂടി നിക്കുന്നവരെ ചീത്ത പറഞ്ഞു. പിന്നെ ആക്രോശിച്ചു ആരാടാ ഇതില്‍ പ്രതി??

അവടെ നിക്കുന്ന എല്ലാവരുടെയും മുട്ട് കൂട്ടി ഇടിക്കാന്‍ തുടങ്ങി. അപ്രതീക്ഷിതം ആയാണ് അത് സംഭവിച്ചത്‌ ഞങ്ങടെ കൂടെ മര്യാദ കാരനായി നിന്നിരിന്നു ഒരാള്‍ കൈ പൊക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

"ഞാനാ സാറെ പ്രതി."

കയ്യെത്തും ദൂരത്തു നിന്ന് മുഖത്ത് നോക്കി  ഉറക്കെ ചന്ക്കൂറ്റത്തോടെ ഞാനാണ്‌ പ്രതി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍  എസ് ഐ യുടെ അധികാരപദവിക്ക് മുകളില്‍ കാക്ക തൂറിയ പ്രതീതി അനുഭവപെട്ട അയാള്‍ വീണ്ടും  ഒരു വട്ടം കൂടി ചോദിച്ചു ആരാടാ പ്രതി?  മറുപടി പെട്ടെന്നാരുന്നു  

 " ഞാനാ സാറെ പ്രതി  പക്ഷെ ഞാനല്ല സാറെ പ്രതി"  

ആ പറഞ്ഞതിന്‍റെ അര്‍ഥം മനസിലാവാതെ  എസ് ഐ  കൊടുത്തു ഒരെണ്ണം കവിളത്ത്. 

പിന്നെ ഒരു കരച്ചിലായിരുന്നു "ഞാനല്ല സാറെ പ്രതി  എന്റെ പേരാ സാറേ പ്രതി"  (പേര് പ്രതീഷ്‌ വീട്ടിലും നാട്ടിലും സ്നേഹത്തോടെ പ്രതി എന്ന് വിളിക്കുന്നു)

ഞങ്ങള്‍ നോക്കിയപ്പോ കണ്ടത്‌ മൂപ്പര്‍ ചിരിക്ക്യാണ്  ലോട്ടറി ടിക്കറ്റ്‌ എടുക്കാതെ തന്നെ  രണ്ടാം സമ്മാനം അടിച്ച പോലെ.

അന്ന് മുതല്‍ എവടെ ദൂരെ പോലീസിനെ കണ്ടാലും മൂപ്പര്‍ കൂട്ടുക്കാരോടു പറയും " മ്മക്കൊരു കളി കളിക്കാം ശരിക്കുള്ള പേര് വിളിച്ചില്ലെങ്കില്‍ കൊള്ളീം ബോട്ടിം"

Tuesday, June 17, 2014

കല്ല്‌ വെച്ച കഥ

ഒരു ദിവസം കൂട്ടുകാരെല്ലാം  വൈകീട്ട് സംസാരിച്ചിരിക്കുമ്പോ ഞാന്‍  പറഞ്ഞു "ഡാ ഞാന്‍ നമ്മടെ ലാലേട്ടനെ കണ്ടു  ചെറുതുരുത്തി പൈങ്കുളത്തു ഷൂട്ടിംഗ് നടക്കാ. പിന്നെ പതിവ് പോലെ കുറച്ചു കൂട്ടി പറഞ്ഞു മൂപ്പര്‍ ഭയങ്കര തമാശ എന്നോട് കുറെ സംസാരിച്ചു. പോരുമ്പോ അടുത്ത പടത്തിന്റെ ഷൂട്ടിങ്ങിനു ചെല്ലാന്‍ പറഞ്ഞു. എന്താല്ലേ എത്ര വല്ല്യ ആളാ ന്നിട്ടും കൂടി.

അപ്പൊ നമ്മടെ ഒരു ഗഡി മൂപ്പര്‍ ദുബായില്‍ പോയി നാല് മാസം നിന്ന് തിരിഞ്ഞു തീപ്പൂട്ടി വന്നു നാട്ടില്‍ മിക്സി കച്ചോടം എന്ന ബിസിനസ്‌ സാമ്രാജ്യം കേരളവും തമിഴ്നാടും , പിന്നെ കര്‍ണാടകത്തിലെ ചില  അതിര്‍ത്തി പ്രാന്ത പ്രദേശ മേഖലകളിലും നടത്തി വന്നിരുന്ന സമയം.

അവനു ഇത് അത്ര പിടിച്ചില്ല എന്ന് മാത്രല്ല. റിട്ടയേര്‍ഡ്‌ ആയ മില്ടരികാര്‍ പറയുന്ന പോലെ അവനും  തുടങ്ങി:

  “ ദുഫായില്‍ അല്‍ കരാമാ എന്ന സ്ഥലത്ത് കൂടി ഞാന്‍ വെറ്തെ ഒരു വെള്ളിയാഴ്ച നടക്കുമ്പോ പെട്ടെന്ന് ഒരു ആഗ്രഹം പൊറോട്ടയും ബീഫും കഴിക്കണം  നോക്കിയപ്പോ തൊട്ടടുത്ത ഒരു ഹോട്ടല്‍ ചെന്ന് കേറി ഓര്‍ഡര്‍ കൊടുത്തു നല്ല  പെട പെടച്ചു പൈസ കൊടുക്കാന്‍ കൌണ്ടറില്‍ ചെന്നപ്പോ ആരാ മൊതല് ഇന്ത്യന്‍ കോഫീ ഹൌസിലെ പോലെ ഒരു ഒരു തോപ്പിയൊക്കെ വെച്ച് മ്മടെ ലാലേട്ടന്‍,  മൂപ്പരടെ ഹോട്ടല്‍  ആണെത്രേ മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ്.  പൈസ വാങ്ങി പെട്ടീല്‍ക്ക് ഇട്ടു എന്നോട് ചോദിക്കാനു  “ഫുഡ്‌ ഒക്കെ കൊള്ളാല്ലോ ല്ലേ”, ഞാന്‍ പറഞ്ഞു തരകേടില്ല പക്ഷെ ബീഫ്‌ പോരാ ട്ടോ ലാലേട്ടാ"

പിന്നെ ഞങ്ങളോടായി ഇങ്ങനെ "ഇങ്ങക്കറിഞ്ഞൂടെ മ്മടെ സ്വഭാവം ഏതു സൂപ്പര്‍സ്റ്റാര്‍ അയാലും മ്മള് സത്യം പറയും. അല്ല പിന്നെ..

മൂപ്പര്‍ നിര്‍ത്താന്‍ ഭാവം ഇല്ല ഒരു ഗോള്‍ഡ്‌ ഫ്ലാക്ക്‌ എടുത്തു കത്തിച്ചു വീണ്ടും..

"ഇതൊക്കെ കഴിഞ്ഞു ഞാന്‍ നാട്ടില്‍ വന്നു കച്ചോടത്തിനു പെരിന്തല്‍മണ്ണ പോയപ്പോ  ട്രാഫിക്‌ പോലീസ് കയ്യ് കാണിച്ചു ഞാങ്ങലാനെങ്കില്‍ ഓവര്‍ സ്പീഡും നോകുമ്പോ ആരാ ? മ്മടെ അബു സലിം സില്മാ നടന്‍ മൂപ്പര്‍ പോലീസ്‌ അല്ലെ. വണ്ടി സയിട് ആക്കാന്‍ പറഞ്ഞു സലിം ക്ക  മെമ്മോ ഉണ്ടാക്കാന്‍ തുടങ്ങി ഞാന്‍ ചെന്ന് പറഞ്ഞു ഇക്കാ ഇങ്ങള് ആ മോഹന്‍ലാലിനെ ഒക്കെ എന്ത് പേട്യാ പെടക്കണേ ന്റമ്മോ എന്താ ഇങ്ങടെ മസില്‍, ഇങ്ങള് ശരിക്കും നായകന്‍ ആവണ്ട ആളാ, പിന്നെ ഇങ്ങളെ ഒതുക്കീതാ ല്ലേ അവര്‍ രണ്ടാളും കൂടി.  ശക്തി മാത്രമേ ഉള്ളു മൂപ്പര്‍ അതില്‍ വീണു ന്നു മാത്രല്ല ഞാന്‍ നൂറിന്‍റെ മൂന്ന് നോട്ട് ചുരുട്ടി കയ്യില്‍ വെച്ചാ കൊടുത്തു പിന്നെ ട്രാഫിക്‌ ബ്ലോക്കിന്നു ആദ്യം പുറത്തു കടന്നത് മ്മടെ വണ്ടിയാ"

ഇതൊക്കെ കേട്ട് ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു കേക്കാന്‍ രസന്ടു പക്ഷെ ഇയ്യ് തമാശ പറയല്ലേ?

അപ്പൊ അവന്‍  “അതെ ആദ്യം ആരാ തൊടങ്ങീതു” ഇയ്യല്ലേ  അപ്പൊ അനക്ക് പറയാം ല്ലേ പന്ന്യേ"......

.ഈ കല്ല്‌ വെച്ച കഥകള്‍ കേട്ട് സത്യം മാത്രം പറയുന്ന ബാക്കി ഉള്ളവരുടെ ചെവി കല്ല്‌ തകര്‍ന്നു ചെവിയിലെ രോമം വരെ കരിഞ്ഞുകാണും..

Wednesday, June 11, 2014

രതി നിര്‍വേദം

ആക്രാന്തം കാണിക്കണ്ട ഇത് അതല്ല.

പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന സമയം.
കാലത്ത്‌  എഴു മണിക്ക് എഴുനേറ്റ്‌ പള്ളികുളിയും പള്ളിതേവാരവും കഴിഞ്ഞു. ഇനി വെളുപ്പിക്കാന്‍ നോക്കിയാല്‍ ഞാന്‍ നല്ല പള്ളിതെറി വിളിച്ചു കളയും എന്ന അന്നത്തെ പാരഗന്‍ ചെരുപ്പിന്റെ സങ്കടം വകവെക്കാത്ത ടി ജി രവിയെ പോലെ വീണ്ടും വീണ്ടും ചെരുപ്പിനെ കീഴ്പെടുത്തി അടിയറവു പറയിച്ചും. ഫെയര്‍ ആന്‍ഡ്‌ ലൌലിയും  കുട്ടികൂറയും സമം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി വാരി പൂശി. മുഖത്ത് അധികമായത്‌ ടവലില്‍ തുടച്ചു ഇനി വിയര്‍ത്തു നമ്മടെ പഴയ സംഗതി എങ്ങാനും പുറത്തു വന്നാല്‍ പ്രയോഗിക്കാനായ ഒറ്റമൂലി ആയി പോക്കറ്റില്‍ കരുതി കാഞ്ഞിരശ്ശേരി സെന്‍റെറിലെക്ക് വെച്ച് പിടിക്കും.

കാരണം പത്താം ക്ലാസ്സ്‌ കാര്‍ക്ക്‌ ടുഷനും പിന്നെ സ്പെഷല്‍ ക്ലാസും തുടങ്ങിയിരിക്കുന്നു അതന്നെ കാരണം. കാലത്ത്‌ ട്യുഷന് പോകുമ്പോളും വൈകീട്ട് ബസ്‌ തിരിച്ചു വരുമ്പോളും കുട്ടേട്ടന്റെ ചായകടയില്‍ പുറത്തു ഇട്ട ബഞ്ചില്‍ നമ്മള് ഉണ്ടാകും. ബസില്‍ പോകുന്ന തരുണിമണികളെ ബാങ്കിലെ കാഷിയര്ടെ പോലെ ബെര്തെ എണ്ണി നോക്കാന്‍ മാത്രം. മലപ്പുറം കത്തിയും അമ്പും വില്ലും ഒക്കെ മനസ്സില്‍ കണ്ടു ഇവടെ വന്നു പവനായി ശവനായി എണ്ണം എടുത്ത് തിരിച്ചു പോകും.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു പതിവ് പോലെ  അമ്പും വില്ലും സ്വപ്നം കണ്ടു നമ്മള്‍ ഹാജര്‍ ആയി  കുട്ടേട്ടന്റെ ചായക്കടക്കും സുധാകരെട്ടന്റെ ബാര്‍ബര്‍ ഷാപിനും മുന്‍പില്‍ ഒരു ആള്കൂട്ടം. എത്തി നോക്കിയപ്പോള്‍ കണ്ടത് വടക്കാഞ്ചേരി പ്രിന്‍സ് തിയറ്ററില്‍ മാറി വന്ന സിനിമയുടെ പോസ്റ്റര്‍ ആണ് പേര്  ‘രതി നിര്‍വേദം’. സില്‍മ പോസ്റ്ററില്‍ ജയഭാരതിയും പിന്നെ കണ്ടാല്‍ അന്ന് എനിക്ക് തിരിച്ചറിയാത്ത ഹിപ്പികാരന്‍ ചെറുക്കനും.(പിന്നീടാണ് അത് കൃഷ്ണചന്ദ്രന്‍ ആണ് എന്നറിഞ്ഞത്)  അധികം ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പഴയ സ്ഥലം പിടിച്ചു പടിഞ്ഞാട്ടു ബസും നോക്കി ഇരുപ്പായി.

അപ്പൊ അവടെ കൂടി നിന്ന ഒരു ചെങ്ങായി പടത്തിന്റെ കഥ പറയാന്‍ തുടങ്ങി ഞാന്‍ പകുതി ശ്രദ്ധ ബസ്‌ വരുന്ന ഭാഗത്തും ബാക്കി പകുതി രതിനിര്‍വേദത്തിനും കൊടുത്തു. മൂപ്പരടെ കഥ പറയണ സ്ടയിലും പിന്നെ ക്ലൈമാക്സിലെ പാമ്പ് കടിയും ഒക്കെ കൂടി കേട്ടപ്പോള്‍ ബസ്‌ ഇന്ന് പോയാ പോട്ടെ മ്മക്ക് നാളെ കാണാം  ന്നു പറഞ്ഞു കഥയില്‍ മുഴുകി,  കഥ  തീര്‍ന്നപ്പോ പിന്നെ ഒറ്റ വിചാരം മാത്രം അടുത്ത വെള്ളിയഴ്ച്ചകുള്ളില്‍ പടം കാണണം. വെള്ളിയഴ്ച്ചയല്ലേ പടം മാറണത്.

ശനിയും ഞായറും എന്തായാലും വീട്ടില്‍ തന്നെ , തിങ്കളും, ചൊവ്വയും, ബുധനും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. അവസാനം പത്തൊമ്പതാമത്തെ അടവായ മാവേലി സ്റ്റോര്‍ തന്നെ രക്ഷിച്ചു. സര്‍ക്കാരിന്റെ മാവേലി സ്റ്റോര്‍ എന്ന പീടികയോട് അന്നാണ് എനിക്ക് മതിപ്പ് തോന്നിയത്‌.

മാവേലി സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍. വാങ്ങി അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ തിയട്ടരിലെക്ക് ചെന്നപോലെക്കും പടം തുടങ്ങിയിരുന്നു.  മാവേലിന്നു ബാക്കി കിട്ടിയതും പിന്നെ ഓടോകാരന് കൊടുത്തിട്ടും കഴിച്ചു ആകെ ഉള്ള ചില്ലറകള്‍ തപ്പി കൂട്ടി നോക്കിയപ്പോ പൈസയും തികയില്ല, സിനിമ കണ്ടാ വീട്ടില്‍ പോവാന്‍ പൈസ ഇല്ല. പണി പാലും വെള്ളത്തില്‍ എന്നപോലെ അവ്ടെയും ചന്തുവിനെ തോല്പ്പിക്കാനായിട്ട്.

ആരോടെങ്കിലും പൈസ ചോദിച്ചാലോ പിന്നെ തിരിച്ചു കൊടുക്കാല്ലോ എന്ന് വിചാരിച്ചപ്പോ ഇന്ത്യക്ക് പൈസക്ക് ബുദ്ധിമുട്ട് വരുമ്പോള്‍, അമേരിക്കയോടും, ചൈനയോടും, ഇടയ്ക്കിടയ്ക്ക് സിംഗപൂരിനോടൊക്കെ കടം ചോദിക്കുമ്പോള്‍ പഴയ പ്രധാന മന്ത്രി മന്മോഹന്‍ സാറിന്  ഉണ്ടാവണ ഒരു ചമ്മലില്ലേ അതു പോലെ ഒരു ഇത്.

നമ്മളോടാ കളി , പിന്നെ ഒന്നും ആലോചിച്ചില്ല അടുത്ത ബസിനു നേരെ മ്മടെ നാട്ടിലേക്ക്‌

ചന്തുവിന് സിനിമയല്ലേ മിസ്സ്‌ ആയുള്ളൂ കുട്ടേട്ടന്റെ കടയിലെ ബെന്ച്ചും അഞ്ചു മണിക്ക് വരണ ബസും മുടക്കാന്‍ പറ്റില്ലല്ലോ.

Friday, June 6, 2014

വയലാര്‍ രവിടെ തട്ടുകട

ഞങ്ങള്‍ കാഞ്ഞിരശ്ശേരിഗ്രാമവാസികള്‍ ഭാഗ്യമുള്ളവരാണ് , കാരണം വയലാര്‍ രവി ഉണ്ടാക്കിയ കൊള്ളിയും , ബോട്ടിയും , ബീഫും പൊറോട്ടയും കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് തന്നെ.

കഴിഞ്ഞ വര്ഷം നാട്ടില്‍ പോയപ്പോ തട്ടുകടയിലെ പിന്നിലെ പൈപ്പ് പൊട്ടിയത് ശരിയാക്കണത് ഞാന്‍ കണ്ടതാ.. അന്ന് ഞാന്‍ വെര്തെ കുശലം ചോദിച്ചതും ആണ് എങ്ങനെന്ട്രാ ഗഡി കച്ചോടം.... അപ്പൊ വയലാര്‍ രവി പറഞ്ഞു മണ്ടലമാസം കാരണം കച്ചോടം കുറവാന്നു.

നിങ്ങള്‍ ഇപ്പൊ ആലോചിക്കാവും: ആര് നമ്മടെ കേന്ദ്ര മന്ത്രി ആയിരുന്ന നേതാവോ? വര്ഷ്ങ്ങളായി പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അദ്ധേഹത്തിനു തട്ട് കടയോ? ഹേയ് വെര്തെ.. ങേ..

അല്ല സത്യാ ചെങ്ങായീ ..

പത്തു മുപ്പതു കൊല്ലം മുന്പു ഇത് പോലെയുള്ള ഒരു മെയ്‌ മാസത്തില്‍ നാട്ടിലെ ഒരേ ഒരു സ്കൂളായ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ സ്കൂളില്‍ പുതിയ അഡ്മിഷന്‍ നടക്കുന്നു. നാരായണന്‍ മാഷ്‌ , അറബി മാഷ്‌ എല്ലാരും ഇരിക്കുന്നു അഡ്മിഷന്‍ എഴുത്ത് കുത്തുകള്‍ നടക്കുന്നു. രക്ഷിതാക്കളും കുട്ടികളും വരി വരിയായി വന്നു കൊണ്ടിരിക്കുന്നു.

ഉടുത്തിരിക്കുന്ന കള്ളി മുണ്ട് ഉയരത്തില്‍ തന്നെ പൊക്കി ചുറ്റി, തലയില്‍ ഒരു മുഷിഞ്ഞ വെളുത്ത കെട്ടുമായി അടിച്ചു ഫിറ്റായി ഒരു മെലിഞ്ഞ ശരീരം, മകന്‍റെ കയ്യും പിടിച്ചു ചവിട്ടി അടിച്ചു സ്കൂളില്‍ കയറി വന്നു പേര് രമേശ്‌ കണ്ണന്‍.

വന്നപാടെ നേരെ മാഷെ കണ്ടു പറഞ്ഞു “ മാഷെ ഇത് എന്റെ മോന്‍ രവി ഇവനെ ഇവടെ ചേര്ക്കാന്‍ വന്നതാ.. അനുഗ്രഹിക്കണം” ,തിരക്കിനിടയില്‍ മാഷ്‌ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ വരിയില്‍ പിന്നില്‍പോയി നിക്ക് എന്നിട്ട് ഏതോ രക്ഷിതാവിനെ നോക്കി ഒരു ചിരിയും. നമ്മുടെ ഹീറോ രമേശ്‌ കണ്ണന് ഇത് അത്ര രസിച്ചില്ല മൂപ്പര്‍ പിന്നില്‍ പോയി നിന്നു.

കുറെ നേരം വരിയില്‍ വെയിലത്ത്‌ നിന്ന് കുടിച്ച കള്ളിന്‍റെ കിക്ക് ഇറങ്ങും എന്നായപ്പോള്‍ മൂപ്പര്‍ പിന്നില്‍ നിന്ന് കലപിലപലവിധ ശബ്ദം പുറപെടുവിക്കാന്‍ തുടങ്ങി, ഇത് കേട്ട നാരായണന്‍ മാഷ്‌ കളിയാക്കി ഉറക്കെ വിളിച്ചു പറഞ്ഞു “ പിന്നില്‍ നിക്കണ വയലാര്‍ രവിയും അവന്റെ അച്ഛനേം വിളിക്ക്. വലിയ നേതാവല്ലേ , പെട്ടെന്ന് ചെയ്തേക്കാം നമ്മടെ ജോലി പോയാലോ”

ഇതും കൂടി കേട്ടപ്പോ കണ്ണേട്ടന്‍ റോള്‍ ആയി ...
മാഷടെ മുന്നില്‍ ചെന്ന് നിന്ന് ഉടുത്ത മുണ്ട് ഒരല്പം. കൂടി ഇളക്കി ഉയര്‍ത്തി ചുറ്റി ആകെ കൂടി ഉള്ള റേഷന്‍ കാര്‍ഡ് മേശ പുറത്ത്‌ വെച്ചു.

എല്ലാം പൂരിപ്പിച്ചു പിന്നെ വിദ്യാര്ഥി യുടെ പേര് എന്ന കോളമായപ്പോള്‍ മാഷ്‌ ചോദിച്ചു “ എന്താ ഇവന്റെ പേര് രവി ആണോ അതൊ രവികുമാര്‍ എന്നാണോ”

നമ്മടെ ഹീറോ ഈ ചോദ്യത്തിന് വേണ്ടി കാത്തിരിക്യാരുന്നു.

പേര് വയലാര്‍ രവി.

നേരത്തെ മാഷ്‌ കളിയാകിയത്തിനു പകരം വീടിയതാ. ഇതിനെ തുടര്ന്നുണ്ടായ സംസാരവും കശപശയും കാരണം മാഷ്‌ ശക്തമായി എതിര്ത്തു ഇങ്ങനെ പേര് വെക്കാന്‍.

പക്ഷെ പിന്നീട് പഞ്ചായത്തിലും ബ്ലോക്കിലും വേറെ എവിടെയൊക്കെയോ പോയി ആരെയൊക്കെയോ കണ്ടു മകന്റെ പേര് അത് തന്നെ ഉറപ്പിച്ചു

വയലാര്‍ രവി.

ഇന്നും വയലാര്‍ രവി ഓംലെറ്റ്‌ ഉണ്ടാക്കി അതിനു മുകളില്‍ കുരുമുളകു പൊടി വാരി വിതറി അതിന്‍റെ സ്വാദ് കൂട്ടുന്നുന്ടായിരിക്കാം.

കഥയിലെ ഹീറോ എന്തായാലും വയലാര്‍ രവി അല്ല അവനു ആ പേര് ഇട്ട രമേശ്‌ കണ്ണന്‍ തന്നെ.

ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം അല്ലാത്തത് കൊണ്ടും വയലാര്‍ രവി ചിലപ്പോ ഇത് അറിയാന്‍ സാധ്യത ഉള്ളത് കൊണ്ടും ഒരു മുന്‍കൂര്‍ അപേക്ഷ :

ഡാ രവി കുരുമുളക് പൊടി എന്‍റെ കണ്ണില്‍ വിതറി എനിക്ക് നീ പണി തരരുത്‌.

പിന്നെ കേക്കുന്നവര്‍ എന്ത് വിചാരിക്കും വയലാര്‍ രവിടെ അടി കൊണ്ട്ട് ആശുപത്രിയില് ആയി എന്നൊക്കെ പറഞ്ഞാല്‍

ങേ..

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍