Blog Archive

Thursday, October 2, 2014

ശ്രീലങ്കന്‍ ട്രീറ്റ്

Tuesday, September 2, 2014

സെല്‍ഫ്‌ ഗോളിലൂടെ കിട്ടിയ മുത്ത്

Tuesday, August 19, 2014

ഓര്‍മ്മകളിലെ വാര്‍ത്ത‍ വായനക്കാര്‍...


പത്തിരുപതു വര്‍ഷം മുന്‍പു, ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്. രാമചന്ദ്രന്‍ എന്നും ഇയം ആകാശവാണി, അന്ബ്രുതി വാര്ത്താ ഹ സൃയന്താം പ്രവാചക ഹ ബലദേവാനന്ത സാഗരഹ എന്നും, കേട്ടിട്ടായിരിക്കാം അന്ന് ഓരോ മലയാളിയുടെ ദിവസങ്ങള്‍ തള്ളി നീങ്ങിയിരുന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ രാമചന്ദ്രനും ബലദേവാനന്ത സാഗരനും.

പിന്നീട് ദൂരദര്‍ശനും മുകളില്‍ മീന്‍ മുള്ള് പോലെ ഉള്ള ആന്ടിനയും വന്നു ബൂസ്റ്റര്‍ പിടിച്ചു തിരിച്ചു ടി വി ക്ലിയര്‍ ആക്കിയിരുന്ന കാലത്ത് ന്യൂസ്‌ വായിക്കാന്‍ വേണുഗോപാല്‍, ഹേമലത , മായ തുടങ്ങിയവര്‍ വന്നിരുന്ന കാലം സത്യത്തില്‍ അന്നൊക്കെ ഞായറാഴച്ച സന്ധ്യക്ക് മാത്രം വരുന്ന സിനിമക്ക് ഇടയില്‍ പപ്പടം എണ്ണയില്‍ ഇട്ട പോലെ തിരിഞ്ഞ് വരുന്ന ന്യൂസിന്‍റെ സിംഫല്‍ കണ്ടാ അപ്പൊ തുടങ്ങും എല്ലാരും ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിക്കാന്‍.

ഏഷ്യാനെറ്റ്‌ ന്യൂസില്‍ ആദ്യമായി കയ്യ് മേശ പുറത്ത്‌ വെച്ച് ചെരിഞ്ഞിരുന്നവനും, പിന്നെ ഇന്ത്യാവിഷനില്‍ കുന്സാന്ടര്‍ ആയതും കുഞ്ഞാപ്പ ടെ തലയില്‍ കറുത്ത തുണി വിഴുന്നത് ഇരുപത്തെട്ടു പ്രാവശ്യം സ്ലോ മോഷനില്‍ കാണിച്ചതിന്റെ ഫലം ആയി, തുടര്‍ന്ന് ഉണ്ടായ ഒതുക്കില്‍ ചാനെല്‍ വിട്ടു പുറത്തു കടന്നു ഇന്ന് റിപ്പോര്‍ട്ടര്‍ ചാനെല്‍ മൊതലാളി ആയ നിഗേഷ്‌കുമാര്‍ , മൂപ്പര്‍ ഇന്ത്യാവിഷനില്‍ ഉള്ളപ്പോ ഒരു ദിവസം ചെരിഞ്ഞിരുന്നു കയ്യ് ടാബിളില്‍ വെച്ച് സ്വന്തം പിതാവായ എം വി രാഘവന്‍ ഇലെക്ഷന് ജയിച്ചപ്പോ മൂപ്പരെ ലൈവ് ഷോ യില്‍ വിളിച്ചു ഇങനെ ചോദിച്ചു “ മിസ്റ്റര്‍ രാഘവന്‍ എന്താണ് ഈ ജയത്തെ കുറിച്ച് താങ്കള്ക്ക് പറയാനുള്ളത്” മറുപടി ഇങ്ങനെ ആയിരുന്നു "ഡാ ഡാ പിന്നെ വിളിക്കഡാ ചെക്ക” ഫോണ്‍ കട്ടും ചെയ്തു.

രാജ് മോഹന്‍ ഉണ്ണിത്താന്‍ , ഷാനവാസ്‌ എം പി എന്നിവരില് ആരെയെങ്കിലും ലും രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവരടെ വീട്ടിലെ അംഗത്തെ പോലെ ഏഷ്യാനെറ്റിലെ വിനു.

ഏഷ്യാനെറ്റില്‍ ന്യൂസ്‌ വായിക്കുന്നതിന്റെ ഇടവേള നേരത്ത് ലാപ്‌ ടോപ്‌ എടുത്തു ഹാര്മോ്ണിയം വായിച്ചു ബലികുടീരങ്ങളെ എന്ന പാട്ട് പാടി ആരോ ഒരുത്തന്‍ അത് റെക്കോര്ഡ് ‌ ചെയ്തു യു ടുബില്‍ ഇട്ടിട്ട് പണി പോയ വേണു പിന്നീട് റിപ്പോര്‍ട്ടര്‍ ചാനെലിലും ഇപ്പൊ മത്രുഭുമിയിലും തകര്ക്കുന്നു.

പക്ഷെ മറക്കാന്‍ പറ്റാത്ത ന്യൂസ്‌ റീഡിംഗ് ഏഷ്യാനെറ്റിലെ പ്രജുലയുടേതാണ് നേതാവ് കുഞ്ഞി കണ്ണന്‍ ലൈവ് വന്നിരിന്നു കത്തി കയറി നിക്കുംപോള്‍ ആണ് , പെറ്റ തള്ള കേട്ടാ സഹിക്കാത്ത രീതിയില്‍ മൂപ്പരടെ പേരിലെ “ഞ്ഞി”യും “ണ്ണ” യെയും മാറ്റി എക്സ്ചേഞ്ച് ചെയ്തു മൂപ്പരെ സ്റ്റുഡിയോയില്‍ നിന്ന് ഓടിച്ചു വിട്ടത്.

ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍....

ഞങ്ങടെ മുള്ളൂര്ക്കര ഇന്ന്  ഒരുപാട് മാറിയിരിക്കുന്നു. ഒരു ഇരുപതു വര്ഷം മുന്പ് ഇങ്ങനെയായിരുന്നു :


സൈമേട്ടന്റെ സൈക്കിള്‍ കട.
അന്ന് സ്കൂളില്‍ പഠിക്കണ ഒരു വിധം കില്ലാടികളൊക്കെ വെള്ളിയാഴ്ച ഉച്ചക്ക്  കഷണ്ടി തലക്കാരനായ സൈമേട്ടന്റെ കടയില്‍ നിന്ന് സൈക്കിള്‍ ഒരു രൂപ ഒരു മണിക്കൂറിനു വാടകക്കെടുത്ത് ചവിട്ടാന്‍ പഠിച്ചും ,  പിന്നെ തിരുവാണിക്കാവ് അമ്പലത്തിലെ ആലിന് ചുറ്റും കറങ്ങി തിരിഞ്ഞു അവസാനം എവിടെയെങ്കിലും കൊണ്ട് പോയി ചാര്ത്തി ഒന്നും അറിയാത്ത പോലെ തിരിച്ചു കൊടുത്തു ഒന്നും മിണ്ടാതെ സ്ഥലം വിടും.


രാശപ്പേട്ടന്റെ് ഹോട്ടല്‍
 സൈകിള്‍ ചവിട്ടി ക്ഷീണിച് നേരെ പോണത് അതിന്റെ  ഓപ്പോസിറ്റ് ഉള്ള രാശപ്പേട്ടന്റെന ഹോട്ടലിലെക്കാനു, പൊറോട്ടയും പിന്നെ അതിന്‍റെ കൂടെ ഫ്രീ ആയി കിട്ടണ ബീഫിന്ടെ ചാര്‍ ( ബീഫു വാങ്ങാന്‍ കാശില്ലെങ്കില്‍ അങ്ങനെയും കഴിക്കാം) അന്ന് കൂടെ പഠിച്ചിരുന്ന സതീഷ്‌ പി കെ ക്ക്  കാലത്ത് പേപ്പര്‍ ഇടുന്ന പണി ഉള്ളതോന്ട്ട് ഞങ്ങള്‍ കുറച്ചു പേര്‍ വെള്ളിയാഴ്ചത്തെ ഈ പൊറോട്ടയും ചാറും,  ടൈം ടാബിളിലെ ഒരു വിഷയം പോലെ കണക്കാക്കി പോന്നു. അത്ര ടേസ്റ്റ് ഉള്ള ഒരു കറി ഇന്ന് വരെ കഴിച്ചിട്ടില്ല വേറെ എവിടെയും.

സി എം എസ് ടാക്കീസ്

മുള്ളൂര്‍ക്കര സെന്റെരില്‍  ഉണ്ടായിരുന്ന സി എം എസ് ടാകീസ്‌, സിനിമകള്‍  ഇറങ്ങി ലോകത്തുള്ള സകല തിയ്യറ്ററും കഴിഞ്ഞു അവസാനം ഇവടെ എത്തിയിട്ടും മുള്ളൂര്ക്കരക്ക്  പുറത്തെ ലോകം അറിയാത്ത അന്നത്തെ  ഞങ്ങള്‍ റിലീസ് പടം കാണുന്ന പോലെ വിസില്‍ അടിച്ചും ആര്പ്പ്  വിളിച്ചും പടം ഹിറ്റാക്കി. ദേവാസുരം എന്ന ചങ്ക് പടം കണ്ടത് ഈ ഓല മേഞ്ഞ തിയറ്ററില്‍ വെച്ചാണ്‌. 


മാഷടെ പലചരക്ക് കട
മുള്ളൂര്ക്കര സെന്റെരില്‍ ഷര്‍ട്ട്‌  ഇടാതെ ബ്രാഹ്മണ്യത്തിന്റെ ഐടെന്ടിടി കാണിച്ചു, നെറ്റിയില്‍ ഭസ്മകുറിയും വരച്ചു  പണ്ടു സ്കൂള്‍ മാഷായ  നന്മ നിറഞ്ഞ ഒരാള്‍ അദേഹത്തിന്റെ പലചരക്ക് കട, ഒരു വര്ഷം വരെയൊക്കെ പൈസ കൊടുക്കാതെ പറ്റു ക്ലോസ് ചെയ്യാത്ത ആരെങ്കിലും  ബസ്‌ കേറാന്‍ നിക്കുന്നവരില്‍ ഉണ്ടെങ്കില്‍ കയ്യ് കൊട്ടി ഒരു വിളിയുന്ട്ട് മൂപ്പര്‍ എല്ലാരുടെയും മുന്പില്‍ വെച്ച്, ആ സമയത്ത് ആകാശം ഇടിഞ്ഞു വീഴണേ എന്ന പ്രാര്ഥിനയില്‍ ആയിരിക്കും കൈ കൊട്ടി വിളി കേട്ടവന്‍. .


പിന്നെ കരുണാകരന്‍ നായര്ടെ കട, ചെരുപ്പ് നന്നാക്കുന്ന കാരണവരുടെ കട, മാനസി ഹെയര്‍ കട്ടിംഗ്, യുനിക് കോളേജ്, ശ്രുതി മുസിക്കല്സ്, പയ്യപാട്ട് മെഡിക്കല്‍സ്, ലത സ്റ്റോര്‍സ് അന്ന് ഇതൊക്കെയായിരുന്നു മുള്ളൂര്ക്കര.

ഇന്ന് ഇതൊന്നുമില്ലാതെ മറ്റെന്തോ  ആയി.

ഇപ്പോളും പത്തു മുപ്പതു കൊല്ലായി പുറത്തു താമസിക്കുന്നവര്‍ ഇടക്കൊക്കെ നാട്ടില്‍ വരുമ്പോ അവര്‍ മക്കളോടൊക്കെ പറയുന്നത് കേള്‍ക്കാം “ഇവടെ മാഷടെ കടയും, അവടെ തിയറ്ററും, അതിനടുത്ത്‌  രാശപ്പേട്ടന്‍റെ ഹോട്ടലും ഉണ്ടായിരുന്നു"

 അവരെ ഓര്‍ക്കുന്ന ഈ  വാക്കുകള്‍ ഒക്കെ തന്നെ അദൃശ്യമായ അക്ഷര മാലകള്‍ ആയി മുള്ളൂര്‍ക്കരയില്‍ തട്ടി തിരിഞ്ഞു കൊണ്ടിരിക്കുന്നു ഇവരെയൊക്കെ തിരഞ്ഞു കൊണ്ടു"

എല്ലാം എല്ലാം
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍...

Thursday, July 31, 2014

ഷാജുമോന്‍റെ മൂന്നു ദിവസങ്ങള്‍



ഷാജുമോന്‍ ഒരു ദിവസം ഒറ്റക്ക് വീട്ടില്‍ ഉള്ള ദിവസം ഇഷ്ടപെട്ട അയില കൂട്ടാന്‍ കൂട്ടി ഊണ് കഴിക്കുംമ്പോളാണ് വീടിനു പെട്ടെന്ന് തീ പിടിച്ചത്‌. അയില കൂട്ടാന്ടെ നാവു കടിക്കുന്ന സ്വാദു കാരണം ചോറ് വീണ്ടും എടുത്തു എന്നും, തീ കത്തുന്നത് കണ്ടിട്ടും മൂപ്പര്‍ പതിനാലര മിനുറ്റ് കൂടി ഭക്ഷണം കഴിക്കാന്‍ എടുത്തു എന്നും അതിനാല്‍ തീ കെടുത്താന്‍ പറ്റിയില്ല എന്നുമാണ് ഐതിഹ്യം..

എന്തായാലും “ഇഷ്ടപെട്ടൊരു മീന്‍ കൂട്ടാനും കൂട്ടി” എന്ന ഞങ്ങടെ
നാടിലെ ഗിരിഷ് പുതങ്കിരി വായുവില്‍ എഴുതി ഈണമിട്ട പാട്ടു കേട്ടാല്‍ മൂപ്പര്‍ തുടങ്ങും.. അശ്വതി ഭരണി.%$@

കാടു കടന്നു നെടുമ്പുര എന്ന ഞങ്ങടെ അയല്‍നാട്ടില്‍ പൂരത്തിന് പിരിക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വരുമ്പോ കാട്ടില്‍ വെച്ച് വഴി തെറ്റി. ഏതാണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞു, ഞങ്ങള്‍ കാട്ടില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു അപ്പോളാണ് ഒരു മഹാ
ജ്ഞാനിയെ പോലെ ഷാജു അത് പറഞ്ഞത്‌ “ പൊട്ടി എന്നു അറിയപെടുന്ന ഒരു തരം യക്ഷി വട്ടം തിരിച്ചതാനു നമ്മളെ, എന്ന് പറഞ്ഞതും മിനിഞ്ഞാന്ന് കഴിച്ച ചുണ്ടിന്റെ അടിയില്‍ ഒളിപ്പിച്ച പാന്പരാഗിന്‍റെ ഒരു മണി ക്ടും എന്ന് കടിച്ചതും ഒരുമിച്ചാണ്. ഇത് കേട്ട് ഞെട്ടി തരിച്ച കിഴക്കെലെ കുട്ടന്‍ ചോദിച്ചു പ്രതിവിധി എന്തെങ്കിലും? കുറച്ചു നേരത്തേക്കെങ്കിലും അവന്‍ ആറ്റുക്കാല്‍ രാമകൃഷ്ണനും ഞങ്ങള്‍ ഏലസ് വാങ്ങാന്‍ പോയ ഭക്തനും ആയി മാറി. ഷാജുസ്വാമി M.V. തിരുവായ്‌ മൊഴിഞ്ഞു “മക്കളെ ഇനി ആകെ ഒരു വഴി മാത്രം സ്വമൂത്രസ്യ മുഖസ്യ ക്ലീനാത്മകം” എന്ന് വെച്ചാല്‍ സ്വന്തം മൂത്രം എടുത്തു മുഖം കഴുകിയാല്‍ മാത്രമേ ഇനി നമുക്ക് ശരിക്കുള്ള വഴി മനസിലാകു എന്ന്. പിന്നെ കുട്ടനെ ഒന്ന് നോക്കി അവന്‍ വേഗം തിരിഞ്ഞു നിന്ന് ഒരു ഇല കൊണ്ടു കുമ്പിള്‍ ഉണ്ടാക്കി മൂത്രം എടുത്തു പെട്ടെന്ന് സ്വന്തം മുഖം കഴുകി, പിന്നെ ദൂരേക്ക്‌നോക്കി ഒരു ചിരി ആണ് കോളംബസ് അമേരിക്ക കണ്ടു പിടിച്ചപ്പോള്‍ ഇത് പോലെ ഒന്ന് അന്ന് പാസാക്കിയിരുന്നു. അപ്പോളാണ് ഷാജു സ്വാമി അത് അരുളി ചെയ്തത് വേറെ ആരും മുഖം കഴുകന്ട നമുക്ക് കുട്ടനെ മുന്പില്‍ നടത്താം അവനു വഴി ഇനി ശരിക്ക് കാണാല്ലോ എന്ന്. എന്തായാലും അവ്ടന്നു ഇവടെ എത്തുന്നവരെ നല്ല സംസ്കൃതം ആയിരുന്നു കുട്ടന്‍ പക്ഷെ വഴി തെറ്റാതെ എല്ലാരും വീട്ടില്‍ എത്തി..

ഇരുട്ട് മയങ്ങി തുടങ്ങി മെഴുക് തിരി വെളിച്ചത്തില്‍ പൊരിഞ്ഞ റമ്മി കളി നടക്കുന്നു ഷാജുമോന്‍ കഴിഞ്ഞ രണ്ടു കളിയിലും ഡെല്‍റ്റ് അടിച്ചു കളിയിലെ രാജാവായ കിഴക്കെലെ രാജേട്ടനെ വരെ പുറത്താക്കി മൂപ്പര്‍ ഡബിള്‍ റീ എന്ട്രി ചെയ്തു നിക്കണ സമയം. . പെട്ടെന്ന് ദൂരെ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റു കണ്ടപ്പോലെ എല്ലാരും റോഡിലേക്ക്‌ ഓടിയപ്പോ അതിബുദ്ധിമാനായ ഷാജു ഓടിയത്‌ അടുത്ത പറമ്പിലേക്ക്‌. ഓടി ചെന്ന് അവടെ പെട്ടെന്ന് കൃഷി പണിയില്‍ ഏര്‍പ്പെട്ടു അവടെ കൊള്ളി എന്ന് ഞങ്ങള്‍ വിളികണ കപ്പ (മരച്ചിനി) വലിച്ചു പറയ്ക്കാന്‍ തുടങ്ങി ഇവന്‍ ഓടുന്നത് കണ്ട പോലീസ് പിന്നാലെ ചെന്ന് ചോദിച്ചു എന്താടാ അവടെ വളരെ വിനയത്തോടു കൂടി ഷാജു "സര്‍ കര്‍ഷകന്‍ ആണ് കൊള്ളി പറയ്ക്കാണ് പിന്നെ ചീട്ടു കളിക്കാരല്ലേ അവര്‍ അങ്ങട്‌ ഓടീട്ടുന്റ്റ്‌ .

പോലീസ്‌ കാരന്‍ പോകുന്നതിനു മുന്‍പ്‌ വെറുതെ ഒന്ന് ടോര്ച് അടിച്ചു നോക്കിയപ്പോ ഇവന്‍ ഇരുട്ടത്ത്‌ പിടിച്ചു വലിച്ചു പറയ്ക്കുന്നത് റബ്ബര്‍ തൈക്കള്‍ ആയിരുന്നു. പോലീസ്ക്കാരന്‍ ചെന്ന് ടപ്പേ ന്നു ഒന്ന് പൊട്ടിച്ചു.

അപ്പോളും ഒരു പാന്‍ പരാഗിന്റെ മണി ക്ടും എന്ന് പൊട്ടി.

ക്ടും
 

Wednesday, July 16, 2014

“നിലാവിന്‍റെ പൂങ്കാവില്‍ നിശാഗന്ധി പുഷ്പം”


സിഡിയെയും ഡിവിഡിയെയും കുറിച്ചു അതിന്‍റെ അച്ഛനമ്മമാര്‍ ആലോചിക്കുന്നതിനു മുന്‍പത്തെ കാലഘട്ടം. പഴയ ഓല കാസറ്റ്‌ രാജാവായി നീണാള്‍ വാഴുന്ന ടൈം.
ഞങ്ങള്‍ സ്കൂളില്‍ പഠിക്കണ സമയത്ത് മുള്ളൂര്‍ക്കര സെന്ടെരില്‍ ശ്രുതി മുസികല്‍സ് എന്ന ഒരു കാസറ്റ്‌ കട ഉണ്ടാരുന്നു. അന്നത്തെ ന്യു ജനറേഷന്‍ ഫ്രീക്കന്മാര്‍ അവടെ വെറുതെ കുത്തി ഇരുന്നു തളി വരവൂര്‍ ഭാഗത്തേക്കുള്ള ബസ്‌ വരുമ്പോ മാത്രം പുറത്തിറങ്ങി നിന്നു എണ്ണം എടുത്തു പോന്നിരുന്നു. ബസിലെ ഡ്രൈവര്‍ മാര്‍ വരെ ഒരു ദിവസം ഇവരെ കണ്ടില്ലെങ്കില്‍ ഹോണ്‍ അടിച്ചു അവരെ പുറത്തിറക്കി എല്ലാരേയും കണ്ടില്ലേ ഇനി അനുഗ്രഹിക്കണം എന്ന് പറഞെ മുന്നോട്ട് പോകു. അങ്ങനെ ചിലപ്പോളൊക്കെ പാട്ടിന്റെ റിക്കോര്‍ഡ്‌ ചെയ്തിരുന്നത് ഈ ഫ്രീക്കന്‍മാര്‍ ആയിരിക്കും.
യക്ഷിയും മോഹന്‍ലാലും സുട്ടാപ്പിയും ഒക്കെ വരുന്ന ശ്രീകൃഷ്ണ പരുന്തു എന്ന സിനിമയിലെ “നിലാവിന്‍റെ പൂങ്കാവില്‍ നിശാഗന്ധി പുഷ്പം” എന്ന പാട്ട് വേണം എന്ന മോഹവുമായി ഞങ്ങടെ കൂടെ പഠിച്ച ഒരുത്തന്‍ ഒരു പഴയ ഓല കാസറ്റ് കൊടുത്തു പാട്ട് റിക്കോര്‍ഡ്‌ ചെയ്യിച്ചു. പാട്ടിന്‍റെ ഹൈലൈറ്റ് ആയ ഇടക്കുള്ള യക്ഷിയുടെ സൌണ്ടില്‍ “കുമാരേട്ടാ , എന്‍റെ കുമാരേട്ടാ “എന്ന സംഗതിയാണ്.
കാസറ്റ് കിട്ടി പക്ഷെ പാട്ട് മുഴുവന്‍ കേട്ടിട്ടും കുമാരേട്ടാ എന്ന ക്ലാസ്‌ വിളി മാത്രം ഇല്ല, തിരിച്ചു കൊണ്ടു പോയി കാര്യം പറഞ്ഞു ശരിയാക്കാം എന്ന അയാളുടെ മറുപടി കേട്ട് രണ്ടു ദിവസം കഴിഞ്ഞു കാസറ്റ് വാങ്ങി വീണ്ടും ഇട്ടുനോക്കി. പാട്ട് പകുതിയായപ്പോ അവടെ പണിക്ക് നിക്കണ ചെക്കന്റെ ശബ്ദത്തില്‍ “ കുമാര്‍ട്ടാ ന്‍റെ കുമാര്‍ട്ടാ" എന്ന വിളി , ഈ മണ്‍പത്രങ്ങള്‍ ഉണ്ടാകുന്ന പ്രത്യേക വിഭാഗക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍.
പിന്നെ നാട്ടുകാര്‍ കടയില്‍ വന്നെന്നോ , അടപ്പിചെന്നോ , പിന്നെ തുറന്നെന്നോ അങ്ങനെ എന്തൊക്കെയോ..
പണ്ടൊരു നാള്‍ ആ കടയില്‍ കയറി വെറ്തെ പുറത്ത്‌ ഒട്ടിച്ച ബ്ലാക്ക്‌ ഷര്‍ട്ടും, ബ്ലാക്ക്‌ ജീന്‍സും, ബ്ലാക്ക്‌ കണ്ണടയും വെച്ച തമിഴു നടന്‍ പാര്‍ത്ധിപന്‍റെ പോട്ടം കീറിയതിനു അയാള്‍ എന്നെ ചീത്ത പറഞ്ഞതിന്‍റെ ദേഷ്യത്തിന് ഞാന്‍ ഉണ്ടാക്കിയ കഥയൊന്നുമല്ല.
കുമാര്‍ട്ടാ.......

Friday, June 27, 2014

യുനിക്ക് കോളെജ് ആന്‍ഡ്‌ രവി മാഷ്‌..

പത്താം ക്ലാസ്‌ പഠന  സമയത്ത് മുള്ളൂര്‍ക്കര തിരുവാണിക്കാവ് അമ്പലത്തിനോട് ചേര്‍ന്ന് നിക്കുന്ന യുനിക് കോളേജില്‍ ട്യുഷനു  പോയിരുന്ന കാലം. ഒരു പഴയ വീടായിരുന്നു അവര്‍ കോളേജ് ആക്കിയത്‌, ഞങ്ങടെ കണക്ക് പഠിച്ചിരുന്ന ക്ലാസ്സ്‌റൂമില്‍ അമ്മി കല്ല്‌ സിമന്റില്‍ പിടിപ്പിച്ചിരുന്നു. പിന്നിലെ അടുക്കള ആണ് ഹിന്ദി ക്ലാസ്‌ അവ്ടന്നു പുറത്ത്‌ ഇറങ്ങിയാല്‍ കിണര്‍. അങ്ങനെ ഹോംലി ആയി പഠിക്കാന്‍ അവസരം ഉണ്ടായിട്ടും കൂടുതല്‍ കളിച്ചും കുറച് പഠിപ്പും ആയി അര്‍മാദിച്ചു നടന്ന കാലം.

കണക്ക് പഠിപ്പിക്കുന്ന ഡബിള്‍ രാജന്‍ മാഷ്‌ (രാജരാജന്‍ എന്ന പേരിന്‍റെ ആംഗലേയ വല്കരണം) കണക്കില്‍ ഉള്ള എന്‍റെ അമിത താല്പര്യം കാരണം മിക്കവാറും മൂപ്പരടെ ക്ലാസ്സ്‌ ഉള്ള ദിവസം പനിയും തലവേദനയും ആയതിനാല്‍ ആ ദിവസത്തെ ലീവ് നല്‍കുവാന്‍ അപേക്ഷിക്കുന്നു എന്ന ലെറ്റര്‍  ഡേറ്റ് ഇടാതെ ഒരു ഇരുപത്തഞ്ച് കോപ്പി വീടിന്‍റെ അടുത്തുള്ള മുജീബിന്‍റെ ഇക്ക കോയകുട്ടിയെ കൊണ്ട് എഴുതിച്ച് തയ്യാറാക്കി വെച്ചിരുന്നു. ആഴ്ചയില്‍ ഓരോന്ന് എടുത്തു പെടക്കും .  മാഷ്‌ ഇപ്പൊ കെ സ് ആര്‍ ടി സിയില്‍ കണ്ടക്ടര്‍ ആണ്. ഇടയ്ക്കു പേപ്പറില്‍ കെ സ് ആര്‍ ടി സി ക്കാര്‍ക്ക് സാലറി ഈ മാസം ഇല്ല എന്ന ന്യൂസ്‌ കാണുപോള്‍ ഞാന്‍ മാഷെ ഓര്‍ക്കും.

എല്ലാം  അറിയുന്നവന്‍ കൃഷ്ണന്‍ കുട്ടി മാഷ്‌.(ജഗന്‍)
ഫിസിക്സ്‌ , ബയോളജി , ഹിന്ദി ഇനി ആളില്ലത്ത ഏതു സബ്ജെക്ടും ഡീല്‍  ചെയ്യാന്‍ പറ്റിയ ആള്‍ കൃഷ്ണന്‍ കുട്ടി മാഷ്‌  ഒരു പ്രത്യേക ശൈലി ആയിരുന്നു മൂപ്പര്‍ക്ക്, ഇടയ്ക്കിടയ്ക്ക് ല്ലേ ല്ലേ എന്ന് ചോദിക്കും  ക്ലാസ്സ്‌ തുടങ്ങിയ ജൂണ്‍ മാസം ഒന്നാം തിയതി വന്നു എല്ലാരേയും പരിജയപെടും . പിന്നെ തുടങ്ങും  "ഇന്ന് ജൂണ്‍ ഒന്ന് ല്ല്ല്ലേ , എല്ലാരും ചിരിച്ച് കളിച്ച വന്നു ,  നിങ്ങള്‍ വിചാരിക്ക്യാവും  പരീക്ഷ വരാന്‍ ഇനിയും പത്തു മാസം ഉണ്ട്ട്  ല്ല്ലേ ,  എന്നാ കേട്ടോ  നിങ്ങടെ ക്ലാസ്‌ ജനുവരി മുപ്പതിന് തീരും പിന്നെ സ്റ്റഡി ലീവ് ആണ് അപ്പൊ എട്ടു മാസം  ചാല്‍  ഇരുനൂറ്റി നാല്‍പതു ദിവസം ല്ല്ലേ  ഒരു മാസത്തില്‍ എട്ടു ലീവ് , ശനി ഞായര്‍. അപ്പൊ എട്ടു  മാസത്തില് അറുപത്തി നാല് പോയി നൂറ്റി എഴുപത്താര് ല്ലേ  .പിന്നെ ഓണത്തിന് ഒരു പത്ത് ദിവസം,  ക്രിസ്മസിന് ഒരു പത്തു അപ്പൊ നൂറ്റി അമ്പത്താറു ദിവസം ല്ല്ലേ.  പിന്നെ നമ്മടെ നാട്ടില്‍ പത്ത് പന്ത്രന്റ്റ്‌ പൂരം ഉണ്ട്ട് ചെണ്ട പുറത്ത്‌ കോല് വെച്ചാ അവടെ എത്തന്‍ടെ,  രാത്രി പൂരം വരെ കണ്ടു രണ്ടു ദിവസത്തെ ലീവ് എടുത്താല്‍ ഇരുപത്തി നാല് അപ്പൊ നൂറ്റി മുപ്പത്തി രണ്ടു. പിന്നെ പിറന്നാല്‍ , കല്യാണം , അടിയന്തിരം, ഇരുപതെട്ട് എന്നൊക്കെ പറഞ്ഞു വര്‍ഷത്തില്‍ ഒരു ഇരുപതു ദിവസം അപ്പൊ നൂറ്റി പന്ത്രന്റ്റ്‌ ദിവസം. പിന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന ഹര്‍ത്താല്‍ ബന്ദ്‌ പണി മുടക്ക് എല്ലാം കൂടി ഒരു ഇരുപതു അപ്പൊ തോന്നൂട്ടിരന്ടു. പിന്നെ സ്കൂളില്‍ ഇലെക്ഷന്‍, പിന്നെ സമരം യൂത്ഫെസ്ടിവല്‍ എല്ലാം കൂടി ഒരു പതിനഞ്ചു ദിവസം അപ്പൊ എഴുപത്തി ഏഴു ദിവസം ല്ലേ   ഒരു പനി വന്നാ ഒരാഴ്ച് പോയി അപ്പൊ ഇനി വെറും എഴുപതു ദിവസം മാത്രം. നിങ്ങള്‍ക്ക് ആകെ വിഷയങ്ങള്‍ എത്ര ? പന്ത്രന്ട്ട് അപ്പൊ ഒരു വിഷയം പഠിക്കാന്‍ എഴുപതു ബൈ പന്ത്രന്ട്ട് = ആറു ദിവസം മാത്രം ല്ല്ലേ"

എന്ന്  പറഞ്ഞു മൂപ്പര്‍ എഴുന്നേറ്റു പോകും ഷോക്ക് അടിച്ച പോലെ ഞങ്ങളും. പിന്നെ അടുത്ത ക്ലാസ്സില്‍ പോയി വീണ്ടും ഇതേ സ്റ്റോറി.

ഏറ്റവും ബോര്‍ അടിപ്പിച്ചിരുന്ന ക്ലാസ്സ്‌ രവി മാഷടെ ആയിരുന്നു കാരണം പലതാണ് കോളേജിന്റെ ഉടമസ്ഥന്‍ , മാസം മാസം ഫീസ് ചോദിക്കും ഇടയ്ക്കുനാട്ടിലെ ആരെകിലും കണ്ടാല്‍ നമ്മടെ കമ്പ്ലൈന്റ്റ് വീട്ടില്‍ എത്തിക്കും പിന്നെ  ജ്യോഗ്രഫി ആണെടുക്കനത്. അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക   ഭൂകന്ടവും ഭൂമധ്യ രേഖയും എന്ന് വേണ്ട ഭൂമികുലുക്കതിന്റെ കാരണങ്ങളും എല്ല്ലാം പഠിപിച്ചുഞങ്ങളെ വെറുപ്പിച്ചിരുന്ന മാഷിനെ, അന്നത്തെ പൊട്ട ബുദ്ധി കാരണം മനസ്സില്‍ കുറെ ചീത്ത പറഞ്ഞിരുന്നു.

അങ്ങനെ റിസള്‍ട്ട്‌ വരാറായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ നല്ല മാര്‍ക്ക് വാങ്ങി ജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്ട് തന്നെ കാണുന്നവര്‍ ചോദിക്കുന്നു ഏതു  കോളേജിലാ ചേരുന്നത്, ഫസ്റ്റ് ഗ്രൂപ്പ്‌ ആണോ അതോ സെക്കന്റ്‌ ഗ്രൂപ്പ്‌ ആണോ എടുക്കനത്,  നന്നായി പഠിക്കുന്നവര്‍ ഒന്നുകില്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍.  കോളേജില്‍ ഒക്കെ പോവുമ്പോ കുറച്ചു നല്ല ഷര്‍ട്ടും പാന്‍റും വേണം എന്ന എന്റെ അപേക്ഷ പരിഗണിച്ചു വീട്ടില്‍ നിന്നും ഫണ്ട് പാസ്സായി, ആ പൈസയും കൊണ്ട്ട് വടക്കാഞ്ചേരി പോയി മൂന്നു  ഷര്‍ട്ടും  രണ്ടു പാന്‍റും തയിപ്പികാന്‍ എടുത്തു തുന്നാന്‍ അത് വരെ കൊടുത്ത ആളു പോരാ പുതിയ മോഡല്‍ വേണം ന്നു പറഞ്ഞു വടകര പോയി തുന്നാന്‍ പഠിച്ച ബാബുവേട്ടനെ കൊണ്ട് തുന്നിപ്പിച്ചു.

പേപ്പറില്‍ റിസള്‍ട്ട്‌ വരണത്തിന്റെ തലേന്ന് യുനിക് കോളേജില്‍ വന്ന റിസള്‍ട്ട്‌ അറിയാന്‍ എല്ലാരും എത്തി എന്‍റെ നമ്പരിന്റെ സ്ഥാനത്ത്‌ ഒരു സ്റ്റാര്‍,    നാല് പേരുടെ നമ്പരാണ് വരാന്‍ സാധ്യത ഉള്ളത് എന്‍റെയാകാം,  സതീഷ്‌ എം ബിയുടെതാകാം പിന്നെ വേറെ രണ്ടു പേരുടെതാകാം. മറ്റുള്ളവര് എന്തായാലും തോല്‍ക്കും എന്ന് ഉറപ്പുള്ളത്കൊണ്ടു ഞാന്‍ ഉറപ്പിച്ചു അതു എന്‍റെ നമ്പര്‍ തന്നെ അപ്പോളാണ് വെടികെട്ടിനു തീ കൊടുക്കാന്‍ നേരത്ത് പെയ്ത മഴ പോലെ ഒരുത്തന്‍  സതീഷ്‌ എം ബി അവന്‍ എല്ലാം അവസാനിപ്പിച്,  ഉണ്ടാരുന്ന പഴയ പുസ്തകം പകുതി വിലക്ക് വിറ്റ് ആ കാശും കൊണ്ട്ട് കോയമ്പത്തൂര്‍ക്ക് പോകുന്നു സ്വര്‍ണ്ണ പണി പഠിക്കാന്‍,  പോണ പോക്കിന് മ്മക്കിട്ടൊരു പണി പണിതു ചുള്ളന്‍ സ്കൂട്ടായി.  അതവന്‍റെ നമ്പരാണ് എന്ന് അവന്‍ പറഞ്ഞു

മൂന്ന് നാല്  ദിവസം കഴിഞ്ഞു, നാട്ടില്‍ ജയിച്ചവര്‍ സന്തോഷിക്കുകയും അല്ലാത്തവര്‍  പണിക്ക് പോകാനും തുടങ്ങി ഞാന്‍ മാത്രം ഇതിനു രണ്ടിനും ഇടയില്‍ ഉള്ള അവസ്ഥയിലും  പെട്ട് വട്ടം തിരിഞ്ഞു നടന്നു.

ഒരു ദിവസം മുള്ളൂര്‍ക്കരയില്‍ പോയ എന്നെ അവടെ കണ്ട നമ്മടെ രവി മാഷ് കൈ കൊട്ടി  വിളിച്ചു   എനിക്ക് സംസാരിക്കാന്‍ താല്പര്യം ഇല്ലാരുന്നു കാരണം ഇനി ആളോടും പറയണം ഈ കഥ പിന്നെ ഒടുക്കത്തെ ഉപദേശം ആകും. ഞാന്‍ മനസ്സില്ലാ മനസ്സോടെ കാര്യം പറഞ്ഞു മുഴുവന്‍ കേട്ട് മാഷ്‌ എന്‍റെ കൈ പിടിച്ചു വലിച്ചു തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തില്‍ പോയി അന്ന് മന്ത്രി ആയിരുന്ന രാധാകൃഷ്ണന്‍റെ പേര്‍സണല്‍ അസ്സിടന്ടിനു വിളിച്ചു പറഞ്ഞു “രവി മാഷാണ് .. രാധാകൃഷ്ണനെ പഠിപ്പിച്ച മാഷാണ് ഒരു നമ്പര്‍ ജയിച്ചോ എന്നറിയണം” നമ്പര്‍ കൊടുത്തു അഞ്ചു മിനിറ്റ്‌ കഴിഞ്ഞു ബൂത്തിലെ ഫോണില്‍ മന്ത്രിടെ ഓഫീസിന്നു ഫോണ്‍ എന്‍റെ റിസള്‍ട്ട്‌ പ്രക്യാപിച്ചു.

റാങ്ക് കിട്ടിയവര്ടെ പേര്‍ വിദ്യാഭ്യാസ മന്ത്രി പ്രക്യപിച്ചപ്പോള്‍ എന്‍റെ റിസള്‍ട്ട്‌ യുവജന ക്ഷേമ മന്ത്രിയും.

അന്ന് മുതലാണ് രവിമാഷിനെയും  മൂപ്പര്‍ പഠിപ്പിച്ച  അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക  ഭൂകന്ടവും ഭൂമധ്യ രേഖയും എല്ലാം ഞാന്‍ ഇഷ്ടപെട്ട് തുടങ്ങിയത്.

ഞാനാ സാറെ പ്രതി പക്ഷെ ഞാനല്ല സാറെ പ്രതി

നാട്ടില്‍ ഒരു അതിര്‍ത്തി തര്‍ക്കം നടക്കുന്നു വാസു ഏട്ടന്‍ അയാല്കാരനായ ബാലേട്ടനെതിരെകേസ് കൊടുത്തു സ്നേഹം മൂത്തപ്പോ അതിര്‍ത്തിയില്‍ സ്ഥാപിച്ച അതിര്‍ത്തി സംരക്ഷണ  യന്ത്രം (വേലി) പൊളിച്ചു അത് കത്തിച്ച് വെള്ളം തിളപ്പിച്ച്‌ ഒരു കുളി പാസാക്കി വാസുഎട്ടന്‍ അയല്‍ക്കാരനെ  നോക്കി അട്ടഹസിച്ചു. 

ഇതിനു പ്രതികാരം ആയി ബാലേട്ടന്‍ മായ ബസില്‍ കേറി  വടക്കാഞ്ചേരി പോയി പോലീസില്‍  കേസ് കൊടുത്തു. അതിനു പിന്നില്‍ വരുന്ന നവനീത് ബസില്‍ പോയി വസുഎട്ടനും കേസ് കൊടുത്തു. ആകെ കൂടി  ജഗപോക.

പോലീസ്‌ ജീപ്പ് വന്നു എസ് ഐ ചാടി ഇറങ്ങി. അവടെ നടക്കുന്ന സംഭവം കാണാന്‍ കുറെ പേര്‍ വരി വരി ആയി നില്‍ക്കുന്നു ഞാന്‍ ഷാജു പിന്നെ പ്രതീഷ്  ഏട്ടന്‍ മുതലായവര്‍. എസ് ഐ മീശ പിരിച്ചു കണ്ണുരുട്ടി , കയ്യിലെ ലാത്തി ചുഴറ്റി വീശി കൂടി നിക്കുന്നവരെ ചീത്ത പറഞ്ഞു. പിന്നെ ആക്രോശിച്ചു ആരാടാ ഇതില്‍ പ്രതി??

അവടെ നിക്കുന്ന എല്ലാവരുടെയും മുട്ട് കൂട്ടി ഇടിക്കാന്‍ തുടങ്ങി. അപ്രതീക്ഷിതം ആയാണ് അത് സംഭവിച്ചത്‌ ഞങ്ങടെ കൂടെ മര്യാദ കാരനായി നിന്നിരിന്നു ഒരാള്‍ കൈ പൊക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

"ഞാനാ സാറെ പ്രതി."

കയ്യെത്തും ദൂരത്തു നിന്ന് മുഖത്ത് നോക്കി  ഉറക്കെ ചന്ക്കൂറ്റത്തോടെ ഞാനാണ്‌ പ്രതി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍  എസ് ഐ യുടെ അധികാരപദവിക്ക് മുകളില്‍ കാക്ക തൂറിയ പ്രതീതി അനുഭവപെട്ട അയാള്‍ വീണ്ടും  ഒരു വട്ടം കൂടി ചോദിച്ചു ആരാടാ പ്രതി?  മറുപടി പെട്ടെന്നാരുന്നു  

 " ഞാനാ സാറെ പ്രതി  പക്ഷെ ഞാനല്ല സാറെ പ്രതി"  

ആ പറഞ്ഞതിന്‍റെ അര്‍ഥം മനസിലാവാതെ  എസ് ഐ  കൊടുത്തു ഒരെണ്ണം കവിളത്ത്. 

പിന്നെ ഒരു കരച്ചിലായിരുന്നു "ഞാനല്ല സാറെ പ്രതി  എന്റെ പേരാ സാറേ പ്രതി"  (പേര് പ്രതീഷ്‌ വീട്ടിലും നാട്ടിലും സ്നേഹത്തോടെ പ്രതി എന്ന് വിളിക്കുന്നു)

ഞങ്ങള്‍ നോക്കിയപ്പോ കണ്ടത്‌ മൂപ്പര്‍ ചിരിക്ക്യാണ്  ലോട്ടറി ടിക്കറ്റ്‌ എടുക്കാതെ തന്നെ  രണ്ടാം സമ്മാനം അടിച്ച പോലെ.

അന്ന് മുതല്‍ എവടെ ദൂരെ പോലീസിനെ കണ്ടാലും മൂപ്പര്‍ കൂട്ടുക്കാരോടു പറയും " മ്മക്കൊരു കളി കളിക്കാം ശരിക്കുള്ള പേര് വിളിച്ചില്ലെങ്കില്‍ കൊള്ളീം ബോട്ടിം"

Tuesday, June 17, 2014

കല്ല്‌ വെച്ച കഥ

ഒരു ദിവസം കൂട്ടുകാരെല്ലാം  വൈകീട്ട് സംസാരിച്ചിരിക്കുമ്പോ ഞാന്‍  പറഞ്ഞു "ഡാ ഞാന്‍ നമ്മടെ ലാലേട്ടനെ കണ്ടു  ചെറുതുരുത്തി പൈങ്കുളത്തു ഷൂട്ടിംഗ് നടക്കാ. പിന്നെ പതിവ് പോലെ കുറച്ചു കൂട്ടി പറഞ്ഞു മൂപ്പര്‍ ഭയങ്കര തമാശ എന്നോട് കുറെ സംസാരിച്ചു. പോരുമ്പോ അടുത്ത പടത്തിന്റെ ഷൂട്ടിങ്ങിനു ചെല്ലാന്‍ പറഞ്ഞു. എന്താല്ലേ എത്ര വല്ല്യ ആളാ ന്നിട്ടും കൂടി.

അപ്പൊ നമ്മടെ ഒരു ഗഡി മൂപ്പര്‍ ദുബായില്‍ പോയി നാല് മാസം നിന്ന് തിരിഞ്ഞു തീപ്പൂട്ടി വന്നു നാട്ടില്‍ മിക്സി കച്ചോടം എന്ന ബിസിനസ്‌ സാമ്രാജ്യം കേരളവും തമിഴ്നാടും , പിന്നെ കര്‍ണാടകത്തിലെ ചില  അതിര്‍ത്തി പ്രാന്ത പ്രദേശ മേഖലകളിലും നടത്തി വന്നിരുന്ന സമയം.

അവനു ഇത് അത്ര പിടിച്ചില്ല എന്ന് മാത്രല്ല. റിട്ടയേര്‍ഡ്‌ ആയ മില്ടരികാര്‍ പറയുന്ന പോലെ അവനും  തുടങ്ങി:

  “ ദുഫായില്‍ അല്‍ കരാമാ എന്ന സ്ഥലത്ത് കൂടി ഞാന്‍ വെറ്തെ ഒരു വെള്ളിയാഴ്ച നടക്കുമ്പോ പെട്ടെന്ന് ഒരു ആഗ്രഹം പൊറോട്ടയും ബീഫും കഴിക്കണം  നോക്കിയപ്പോ തൊട്ടടുത്ത ഒരു ഹോട്ടല്‍ ചെന്ന് കേറി ഓര്‍ഡര്‍ കൊടുത്തു നല്ല  പെട പെടച്ചു പൈസ കൊടുക്കാന്‍ കൌണ്ടറില്‍ ചെന്നപ്പോ ആരാ മൊതല് ഇന്ത്യന്‍ കോഫീ ഹൌസിലെ പോലെ ഒരു ഒരു തോപ്പിയൊക്കെ വെച്ച് മ്മടെ ലാലേട്ടന്‍,  മൂപ്പരടെ ഹോട്ടല്‍  ആണെത്രേ മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ്.  പൈസ വാങ്ങി പെട്ടീല്‍ക്ക് ഇട്ടു എന്നോട് ചോദിക്കാനു  “ഫുഡ്‌ ഒക്കെ കൊള്ളാല്ലോ ല്ലേ”, ഞാന്‍ പറഞ്ഞു തരകേടില്ല പക്ഷെ ബീഫ്‌ പോരാ ട്ടോ ലാലേട്ടാ"

പിന്നെ ഞങ്ങളോടായി ഇങ്ങനെ "ഇങ്ങക്കറിഞ്ഞൂടെ മ്മടെ സ്വഭാവം ഏതു സൂപ്പര്‍സ്റ്റാര്‍ അയാലും മ്മള് സത്യം പറയും. അല്ല പിന്നെ..

മൂപ്പര്‍ നിര്‍ത്താന്‍ ഭാവം ഇല്ല ഒരു ഗോള്‍ഡ്‌ ഫ്ലാക്ക്‌ എടുത്തു കത്തിച്ചു വീണ്ടും..

"ഇതൊക്കെ കഴിഞ്ഞു ഞാന്‍ നാട്ടില്‍ വന്നു കച്ചോടത്തിനു പെരിന്തല്‍മണ്ണ പോയപ്പോ  ട്രാഫിക്‌ പോലീസ് കയ്യ് കാണിച്ചു ഞാങ്ങലാനെങ്കില്‍ ഓവര്‍ സ്പീഡും നോകുമ്പോ ആരാ ? മ്മടെ അബു സലിം സില്മാ നടന്‍ മൂപ്പര്‍ പോലീസ്‌ അല്ലെ. വണ്ടി സയിട് ആക്കാന്‍ പറഞ്ഞു സലിം ക്ക  മെമ്മോ ഉണ്ടാക്കാന്‍ തുടങ്ങി ഞാന്‍ ചെന്ന് പറഞ്ഞു ഇക്കാ ഇങ്ങള് ആ മോഹന്‍ലാലിനെ ഒക്കെ എന്ത് പേട്യാ പെടക്കണേ ന്റമ്മോ എന്താ ഇങ്ങടെ മസില്‍, ഇങ്ങള് ശരിക്കും നായകന്‍ ആവണ്ട ആളാ, പിന്നെ ഇങ്ങളെ ഒതുക്കീതാ ല്ലേ അവര്‍ രണ്ടാളും കൂടി.  ശക്തി മാത്രമേ ഉള്ളു മൂപ്പര്‍ അതില്‍ വീണു ന്നു മാത്രല്ല ഞാന്‍ നൂറിന്‍റെ മൂന്ന് നോട്ട് ചുരുട്ടി കയ്യില്‍ വെച്ചാ കൊടുത്തു പിന്നെ ട്രാഫിക്‌ ബ്ലോക്കിന്നു ആദ്യം പുറത്തു കടന്നത് മ്മടെ വണ്ടിയാ"

ഇതൊക്കെ കേട്ട് ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു കേക്കാന്‍ രസന്ടു പക്ഷെ ഇയ്യ് തമാശ പറയല്ലേ?

അപ്പൊ അവന്‍  “അതെ ആദ്യം ആരാ തൊടങ്ങീതു” ഇയ്യല്ലേ  അപ്പൊ അനക്ക് പറയാം ല്ലേ പന്ന്യേ"......

.ഈ കല്ല്‌ വെച്ച കഥകള്‍ കേട്ട് സത്യം മാത്രം പറയുന്ന ബാക്കി ഉള്ളവരുടെ ചെവി കല്ല്‌ തകര്‍ന്നു ചെവിയിലെ രോമം വരെ കരിഞ്ഞുകാണും..

Wednesday, June 11, 2014

രതി നിര്‍വേദം

ആക്രാന്തം കാണിക്കണ്ട ഇത് അതല്ല.

പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന സമയം.
കാലത്ത്‌  എഴു മണിക്ക് എഴുനേറ്റ്‌ പള്ളികുളിയും പള്ളിതേവാരവും കഴിഞ്ഞു. ഇനി വെളുപ്പിക്കാന്‍ നോക്കിയാല്‍ ഞാന്‍ നല്ല പള്ളിതെറി വിളിച്ചു കളയും എന്ന അന്നത്തെ പാരഗന്‍ ചെരുപ്പിന്റെ സങ്കടം വകവെക്കാത്ത ടി ജി രവിയെ പോലെ വീണ്ടും വീണ്ടും ചെരുപ്പിനെ കീഴ്പെടുത്തി അടിയറവു പറയിച്ചും. ഫെയര്‍ ആന്‍ഡ്‌ ലൌലിയും  കുട്ടികൂറയും സമം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി വാരി പൂശി. മുഖത്ത് അധികമായത്‌ ടവലില്‍ തുടച്ചു ഇനി വിയര്‍ത്തു നമ്മടെ പഴയ സംഗതി എങ്ങാനും പുറത്തു വന്നാല്‍ പ്രയോഗിക്കാനായ ഒറ്റമൂലി ആയി പോക്കറ്റില്‍ കരുതി കാഞ്ഞിരശ്ശേരി സെന്‍റെറിലെക്ക് വെച്ച് പിടിക്കും.

കാരണം പത്താം ക്ലാസ്സ്‌ കാര്‍ക്ക്‌ ടുഷനും പിന്നെ സ്പെഷല്‍ ക്ലാസും തുടങ്ങിയിരിക്കുന്നു അതന്നെ കാരണം. കാലത്ത്‌ ട്യുഷന് പോകുമ്പോളും വൈകീട്ട് ബസ്‌ തിരിച്ചു വരുമ്പോളും കുട്ടേട്ടന്റെ ചായകടയില്‍ പുറത്തു ഇട്ട ബഞ്ചില്‍ നമ്മള് ഉണ്ടാകും. ബസില്‍ പോകുന്ന തരുണിമണികളെ ബാങ്കിലെ കാഷിയര്ടെ പോലെ ബെര്തെ എണ്ണി നോക്കാന്‍ മാത്രം. മലപ്പുറം കത്തിയും അമ്പും വില്ലും ഒക്കെ മനസ്സില്‍ കണ്ടു ഇവടെ വന്നു പവനായി ശവനായി എണ്ണം എടുത്ത് തിരിച്ചു പോകും.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു പതിവ് പോലെ  അമ്പും വില്ലും സ്വപ്നം കണ്ടു നമ്മള്‍ ഹാജര്‍ ആയി  കുട്ടേട്ടന്റെ ചായക്കടക്കും സുധാകരെട്ടന്റെ ബാര്‍ബര്‍ ഷാപിനും മുന്‍പില്‍ ഒരു ആള്കൂട്ടം. എത്തി നോക്കിയപ്പോള്‍ കണ്ടത് വടക്കാഞ്ചേരി പ്രിന്‍സ് തിയറ്ററില്‍ മാറി വന്ന സിനിമയുടെ പോസ്റ്റര്‍ ആണ് പേര്  ‘രതി നിര്‍വേദം’. സില്‍മ പോസ്റ്ററില്‍ ജയഭാരതിയും പിന്നെ കണ്ടാല്‍ അന്ന് എനിക്ക് തിരിച്ചറിയാത്ത ഹിപ്പികാരന്‍ ചെറുക്കനും.(പിന്നീടാണ് അത് കൃഷ്ണചന്ദ്രന്‍ ആണ് എന്നറിഞ്ഞത്)  അധികം ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പഴയ സ്ഥലം പിടിച്ചു പടിഞ്ഞാട്ടു ബസും നോക്കി ഇരുപ്പായി.

അപ്പൊ അവടെ കൂടി നിന്ന ഒരു ചെങ്ങായി പടത്തിന്റെ കഥ പറയാന്‍ തുടങ്ങി ഞാന്‍ പകുതി ശ്രദ്ധ ബസ്‌ വരുന്ന ഭാഗത്തും ബാക്കി പകുതി രതിനിര്‍വേദത്തിനും കൊടുത്തു. മൂപ്പരടെ കഥ പറയണ സ്ടയിലും പിന്നെ ക്ലൈമാക്സിലെ പാമ്പ് കടിയും ഒക്കെ കൂടി കേട്ടപ്പോള്‍ ബസ്‌ ഇന്ന് പോയാ പോട്ടെ മ്മക്ക് നാളെ കാണാം  ന്നു പറഞ്ഞു കഥയില്‍ മുഴുകി,  കഥ  തീര്‍ന്നപ്പോ പിന്നെ ഒറ്റ വിചാരം മാത്രം അടുത്ത വെള്ളിയഴ്ച്ചകുള്ളില്‍ പടം കാണണം. വെള്ളിയഴ്ച്ചയല്ലേ പടം മാറണത്.

ശനിയും ഞായറും എന്തായാലും വീട്ടില്‍ തന്നെ , തിങ്കളും, ചൊവ്വയും, ബുധനും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. അവസാനം പത്തൊമ്പതാമത്തെ അടവായ മാവേലി സ്റ്റോര്‍ തന്നെ രക്ഷിച്ചു. സര്‍ക്കാരിന്റെ മാവേലി സ്റ്റോര്‍ എന്ന പീടികയോട് അന്നാണ് എനിക്ക് മതിപ്പ് തോന്നിയത്‌.

മാവേലി സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍. വാങ്ങി അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ തിയട്ടരിലെക്ക് ചെന്നപോലെക്കും പടം തുടങ്ങിയിരുന്നു.  മാവേലിന്നു ബാക്കി കിട്ടിയതും പിന്നെ ഓടോകാരന് കൊടുത്തിട്ടും കഴിച്ചു ആകെ ഉള്ള ചില്ലറകള്‍ തപ്പി കൂട്ടി നോക്കിയപ്പോ പൈസയും തികയില്ല, സിനിമ കണ്ടാ വീട്ടില്‍ പോവാന്‍ പൈസ ഇല്ല. പണി പാലും വെള്ളത്തില്‍ എന്നപോലെ അവ്ടെയും ചന്തുവിനെ തോല്പ്പിക്കാനായിട്ട്.

ആരോടെങ്കിലും പൈസ ചോദിച്ചാലോ പിന്നെ തിരിച്ചു കൊടുക്കാല്ലോ എന്ന് വിചാരിച്ചപ്പോ ഇന്ത്യക്ക് പൈസക്ക് ബുദ്ധിമുട്ട് വരുമ്പോള്‍, അമേരിക്കയോടും, ചൈനയോടും, ഇടയ്ക്കിടയ്ക്ക് സിംഗപൂരിനോടൊക്കെ കടം ചോദിക്കുമ്പോള്‍ പഴയ പ്രധാന മന്ത്രി മന്മോഹന്‍ സാറിന്  ഉണ്ടാവണ ഒരു ചമ്മലില്ലേ അതു പോലെ ഒരു ഇത്.

നമ്മളോടാ കളി , പിന്നെ ഒന്നും ആലോചിച്ചില്ല അടുത്ത ബസിനു നേരെ മ്മടെ നാട്ടിലേക്ക്‌

ചന്തുവിന് സിനിമയല്ലേ മിസ്സ്‌ ആയുള്ളൂ കുട്ടേട്ടന്റെ കടയിലെ ബെന്ച്ചും അഞ്ചു മണിക്ക് വരണ ബസും മുടക്കാന്‍ പറ്റില്ലല്ലോ.

Friday, June 6, 2014

വയലാര്‍ രവിടെ തട്ടുകട

ഞങ്ങള്‍ കാഞ്ഞിരശ്ശേരിഗ്രാമവാസികള്‍ ഭാഗ്യമുള്ളവരാണ് , കാരണം വയലാര്‍ രവി ഉണ്ടാക്കിയ കൊള്ളിയും , ബോട്ടിയും , ബീഫും പൊറോട്ടയും കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് തന്നെ.

കഴിഞ്ഞ വര്ഷം നാട്ടില്‍ പോയപ്പോ തട്ടുകടയിലെ പിന്നിലെ പൈപ്പ് പൊട്ടിയത് ശരിയാക്കണത് ഞാന്‍ കണ്ടതാ.. അന്ന് ഞാന്‍ വെര്തെ കുശലം ചോദിച്ചതും ആണ് എങ്ങനെന്ട്രാ ഗഡി കച്ചോടം.... അപ്പൊ വയലാര്‍ രവി പറഞ്ഞു മണ്ടലമാസം കാരണം കച്ചോടം കുറവാന്നു.

നിങ്ങള്‍ ഇപ്പൊ ആലോചിക്കാവും: ആര് നമ്മടെ കേന്ദ്ര മന്ത്രി ആയിരുന്ന നേതാവോ? വര്ഷ്ങ്ങളായി പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അദ്ധേഹത്തിനു തട്ട് കടയോ? ഹേയ് വെര്തെ.. ങേ..

അല്ല സത്യാ ചെങ്ങായീ ..

പത്തു മുപ്പതു കൊല്ലം മുന്പു ഇത് പോലെയുള്ള ഒരു മെയ്‌ മാസത്തില്‍ നാട്ടിലെ ഒരേ ഒരു സ്കൂളായ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ സ്കൂളില്‍ പുതിയ അഡ്മിഷന്‍ നടക്കുന്നു. നാരായണന്‍ മാഷ്‌ , അറബി മാഷ്‌ എല്ലാരും ഇരിക്കുന്നു അഡ്മിഷന്‍ എഴുത്ത് കുത്തുകള്‍ നടക്കുന്നു. രക്ഷിതാക്കളും കുട്ടികളും വരി വരിയായി വന്നു കൊണ്ടിരിക്കുന്നു.

ഉടുത്തിരിക്കുന്ന കള്ളി മുണ്ട് ഉയരത്തില്‍ തന്നെ പൊക്കി ചുറ്റി, തലയില്‍ ഒരു മുഷിഞ്ഞ വെളുത്ത കെട്ടുമായി അടിച്ചു ഫിറ്റായി ഒരു മെലിഞ്ഞ ശരീരം, മകന്‍റെ കയ്യും പിടിച്ചു ചവിട്ടി അടിച്ചു സ്കൂളില്‍ കയറി വന്നു പേര് രമേശ്‌ കണ്ണന്‍.

വന്നപാടെ നേരെ മാഷെ കണ്ടു പറഞ്ഞു “ മാഷെ ഇത് എന്റെ മോന്‍ രവി ഇവനെ ഇവടെ ചേര്ക്കാന്‍ വന്നതാ.. അനുഗ്രഹിക്കണം” ,തിരക്കിനിടയില്‍ മാഷ്‌ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ വരിയില്‍ പിന്നില്‍പോയി നിക്ക് എന്നിട്ട് ഏതോ രക്ഷിതാവിനെ നോക്കി ഒരു ചിരിയും. നമ്മുടെ ഹീറോ രമേശ്‌ കണ്ണന് ഇത് അത്ര രസിച്ചില്ല മൂപ്പര്‍ പിന്നില്‍ പോയി നിന്നു.

കുറെ നേരം വരിയില്‍ വെയിലത്ത്‌ നിന്ന് കുടിച്ച കള്ളിന്‍റെ കിക്ക് ഇറങ്ങും എന്നായപ്പോള്‍ മൂപ്പര്‍ പിന്നില്‍ നിന്ന് കലപിലപലവിധ ശബ്ദം പുറപെടുവിക്കാന്‍ തുടങ്ങി, ഇത് കേട്ട നാരായണന്‍ മാഷ്‌ കളിയാക്കി ഉറക്കെ വിളിച്ചു പറഞ്ഞു “ പിന്നില്‍ നിക്കണ വയലാര്‍ രവിയും അവന്റെ അച്ഛനേം വിളിക്ക്. വലിയ നേതാവല്ലേ , പെട്ടെന്ന് ചെയ്തേക്കാം നമ്മടെ ജോലി പോയാലോ”

ഇതും കൂടി കേട്ടപ്പോ കണ്ണേട്ടന്‍ റോള്‍ ആയി ...
മാഷടെ മുന്നില്‍ ചെന്ന് നിന്ന് ഉടുത്ത മുണ്ട് ഒരല്പം. കൂടി ഇളക്കി ഉയര്‍ത്തി ചുറ്റി ആകെ കൂടി ഉള്ള റേഷന്‍ കാര്‍ഡ് മേശ പുറത്ത്‌ വെച്ചു.

എല്ലാം പൂരിപ്പിച്ചു പിന്നെ വിദ്യാര്ഥി യുടെ പേര് എന്ന കോളമായപ്പോള്‍ മാഷ്‌ ചോദിച്ചു “ എന്താ ഇവന്റെ പേര് രവി ആണോ അതൊ രവികുമാര്‍ എന്നാണോ”

നമ്മടെ ഹീറോ ഈ ചോദ്യത്തിന് വേണ്ടി കാത്തിരിക്യാരുന്നു.

പേര് വയലാര്‍ രവി.

നേരത്തെ മാഷ്‌ കളിയാകിയത്തിനു പകരം വീടിയതാ. ഇതിനെ തുടര്ന്നുണ്ടായ സംസാരവും കശപശയും കാരണം മാഷ്‌ ശക്തമായി എതിര്ത്തു ഇങ്ങനെ പേര് വെക്കാന്‍.

പക്ഷെ പിന്നീട് പഞ്ചായത്തിലും ബ്ലോക്കിലും വേറെ എവിടെയൊക്കെയോ പോയി ആരെയൊക്കെയോ കണ്ടു മകന്റെ പേര് അത് തന്നെ ഉറപ്പിച്ചു

വയലാര്‍ രവി.

ഇന്നും വയലാര്‍ രവി ഓംലെറ്റ്‌ ഉണ്ടാക്കി അതിനു മുകളില്‍ കുരുമുളകു പൊടി വാരി വിതറി അതിന്‍റെ സ്വാദ് കൂട്ടുന്നുന്ടായിരിക്കാം.

കഥയിലെ ഹീറോ എന്തായാലും വയലാര്‍ രവി അല്ല അവനു ആ പേര് ഇട്ട രമേശ്‌ കണ്ണന്‍ തന്നെ.

ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം അല്ലാത്തത് കൊണ്ടും വയലാര്‍ രവി ചിലപ്പോ ഇത് അറിയാന്‍ സാധ്യത ഉള്ളത് കൊണ്ടും ഒരു മുന്‍കൂര്‍ അപേക്ഷ :

ഡാ രവി കുരുമുളക് പൊടി എന്‍റെ കണ്ണില്‍ വിതറി എനിക്ക് നീ പണി തരരുത്‌.

പിന്നെ കേക്കുന്നവര്‍ എന്ത് വിചാരിക്കും വയലാര്‍ രവിടെ അടി കൊണ്ട്ട് ആശുപത്രിയില് ആയി എന്നൊക്കെ പറഞ്ഞാല്‍

ങേ..

Wednesday, May 7, 2014

ഊര്‍ജ്ജം കുമാരന്‍

Monday, May 5, 2014

നീലാണ്ടന്‍

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ചരിത്ര നായകന്‍റെ ഓര്‍മ്മയ്ക്ക്‌ വേണ്ടി പ്രിയപ്പെട്ട കൂട്ടുകാരന്‍ വീട്ടിലെ മൂവാണ്ടന്‍ മാവിന്‍റെ പേര് മാറ്റി നീലാണ്ടന്‍ മാവ് എന്നാക്കി..

Friday, May 2, 2014

Gulikan

കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ദേശിയ ഉത്സവം ആയ ഷഷ്ടി പങ്കു കൊള്ളാന്‍ പതിവുപോലെ നാലു ദിവസം മുന്പ്്‌ തന്നെ ഞങ്ങള്‍ നാട്ടിലെത്തി.
രണ്ടു ദിവസം മുന്പ് ‌ തൊട്ടു തന്നെ ഞങള്‍ കമ്മിറ്റി കാര്‍ ആയതിനാലും പിന്നെ ഈ ദിവസങ്ങളില്‍ എല്ലാ മെമ്പര്മാളരും നാട്ടില്‍ തന്നെ ഉണ്ടാകും മിക്കവാറും പേര്‍ ഒരു ആഴ്ച ലീവില്‍ ആയിരിക്കും , അങ്ങനെ പലപ്പോളും നമ്മള്‍ ഇറങ്ങി നടക്കുമ്പോല്‍ മറ്റു ടീമുകളിലെ ചിലരെ കാണുമ്പോള്‍ നമ്മളൊരു നോട്ടവും റോളും ഒക്കെയാണ് ( ഉത്സവത്തിന്‌ മ്മടെ മുന്പിലോന്നും വന്നു പെടല്ലെടാ ഗെടിയെ ) എന്നാണ് അര്ഥംോ.

അങ്ങനെ ഉത്സവത്തിനു രണ്ടു ദിവസം മുന്പ്്‌ നാട്ടിലെ പ്രധാനിയും മ്മടെ കമ്മിറ്റി മെമ്പറുമായ Mr. ഗുളികന്‍ പെരിന്തല്മ്ന്നയിലെ പണി കഴിഞ്ഞു ലീവിന് വന്നത്, കണ്ട പാടെ ഒടുക്കത്തെ സെന്റ്മെന്റ്സും. കാര്യം പറയുന്നുമില്ല, അവസാനം സങ്കടത്തിന്റെ രഹസ്യം വെളുപെടുത്തി ഇഷ്ടന്റെ ഭാഷയില്‍ “ ഡാ മ്മള്.. ഒരു _______ ന്റെ കയ്യിന്നു പൈസ പലിശക്ക്‌ വാങ്ങിന്റ്റ്‌,, ഇനിക്ക്യവശ്യം ഇന്ടായിടോന്നും അല്ല, വേറെ ഒരു സ്ഥലത്തിന്നു വാങ്ങിയതിന്റെ പലിശ കൊടുക്കാനാ വാങ്ങിയത്” ഇപ്പൊആറു മാസായി പലിശ കൊടുത്തിട്ട. ആ ___ പറയാ പൈസ കൊടുതില്ലേന്കിങല്‍ ഷഷ്ടി കാണാന്‍ സമ്മതിക്കില്ല എന്ന്”

ഞാന്‍ ശബ്ദം കൂട്ടി അവനോട പറഞ്ഞു നിന്നെ ഒരാളും തോടില്ല്യ, ഞങ്ങളുന്റ്റ്‌ കൂടെ. നീ ചെല്ല് ഇന്ന് വൈകീട്ട് കുറച്ച വെള്ളവും നാല് വെട്ടു ഗ്ലാസും റെഡി ആയ്ക്ക്. ആദ്യം ഞാനും പിന്നെ ഈ കാര്യങ്ങളില്‍ തല്പര കക്ഷിയും ആയ കൂട്ട്കാരനും സ്പോട്ടില്‍ എത്തി. ഞങ്ങള്‍ രണ്ടു പേര്‍ , പിന്നെ ഗുളികനും, മൂന്നു വെട്ടു ഗ്ലാസുകള്‍ നിരന്നു, പ്രാര്ത്ഥ ന നിര്ബഞരമായി പരിപാടി തുടങ്ങി. അപ്പോള്‍ തല്പര കക്ഷി പറഞ്ഞു “ഡാ മീന്‍ കൂട്ടാന്ടോ വീട്ടില്‍ , നല്ല രസാരിക്കും കൊണ്ടു വാടാ,” കേട്ട പാതി ഗുളികന്‍ വീട്ടിലേക്ക്‌ .....൦

.ഈ സമയത്താണ് നമ്മടെ പ്രധാന കൂട്ടുകാരനും മറ്റൊരു തല്പ്പര കക്ഷിയും, നാട്ടിലെ പ്രമാനിയുമായ അണ്ണന്റെ കാര്യം ഓര്മ്മര വന്നത് പെട്ടെന്ന് അണ്ണനെ വിളിച്ചു മൊബൈലില്‍, രണ്ടു മിനിട്ടില്‍ അണ്ണന്‍ വന്നു. നാലാമത്തെ വെട്ടു ഗ്ലാസും നിരന്നു. മീന്‍ കൂട്ടാന്‍ എടുക്കാന്‍ പോയ ഗുളികന്‍ പതിനഞ്ചു മിനിടായും വന്നില്ല, വെട്ടു ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി കൊണ്ടിരുന്നു. ഇതിനിടയില്‍ ഞാന്‍ അണ്ണനോട്‌ പകുതി കാര്യം പറഞ്ഞു “ ഒരാളെ മ്മക്ക് പെടക്കണം, മ്മടെ ഒരു ചെക്കനെ ഷഷ്ടി കാണിക്കില്ല്യാത്രേ”
അണ്ണന്‍ ചെചുണ്ടില്നി്ന്നും വെട്ടു ഗ്ലാസ്‌ നിലത്ത് ആഞ്ഞു കുത്തി എന്നിട്ട് ആക്രോശിച്ചു “ന്നാ അതൊന്നു കാണണം” പെടക്കും ഞാന്‍, തകര്ക്കും ഞാന്‍, പെരടി ഞാന്‍..........” അങ്ങനെ പല പല ഡയലോഗ്കല്‍, എനിക്കും ധൈര്യമായി ഇനി പേടിക്കാനില്ല അണ്ണന്‍ നല്ല ശാരീരിക ക്ഷമതയും(തടി), പിന്നെ പോലീസ്‌ പിടിപാടും ഉണ്ട്ട്. ഒരു അടി ഉറപ്പായി.

ഈ സമയത്ത് നമ്മടെ ഗുളികന്‍ മീന്‍ കൂട്ടാനു മായി വരണത്. നല്ല ഇരുട്ടാരുന്നു ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു പറഞ്ഞു ... ഡാ വേം വാ ഒരാള് കൂടി ഉണ്ട്ട്.

പിന്നില്‍ നിന്ന് ഇരുട്ടത്ത വന്നു മുഖം കാണാരായപ്പോള്‍ ഒരു നിലവിളിയാണ് ഗുളികന്‍, ഞാന്‍ തല ഉയര്ത്തി നോക്കിയപ്പോള്‍ കണ്ടത്‌ പേരറിയാത്ത പല തരം മീനുകള്‍ വിത്ത്‌ കൂട്ടാന്‍ പറന്നു വരുന്നു. കൂട്ടാന്‍ പാത്രം ഒരേറാനു. “ ഡാ മഹാപാപികളെ ഈ വധൂരിടടുത്തുന്നു രക്ഷിക്കാനാ നിങ്ങളെ വിളിച്ചത്, കൊലക്ക് കൊടക്കും ല്ല്ലെടാ”
 

അറുമുഖന്‍

വര്‍ഷങ്ങള്‍ക്ക് മുന്പ് നാട്ടിലെ ബോബ് മര്‍ലി ആരാധകനായ അറുമുഖന്‍ (മ്മടെ മരം മുറിക്കണ അറുമുഗേട്ടനേയ്)

ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിചിക്കുംപോള്‍ ഒരു ദിവസം മൂപ്പര്‍ പതിവ് പോലെ ലിവര്‍ ചൂടാക്കി അതിന്റെ പുറമേ പുകയും കഴിഞ്ഞ വരുന്ന വരവാ.

ഞങ്ങള്‍ തമ്മില്‍ എന്തോ കാര്യം പറയുമ്പോ മൂപ്പര്‍ പെട്ടെന്ന് ബ്രയിക്ക് ഇട്ടു,

ഞങ്ങളെ നോക്കിയിട്ട്

“ഇന്നോടാ കളി, ഞാനേയ് പഴയ നാലാം ക്ലാസ്സാ..
“പഠിക്കണ കാലത്ത് ഞാന്‍ ഒറ്റ മാര്ക്ക് വിട്ടു കൊടുതിട്ടില്ല്യാ പിന്ന്യാ ഇപ്പൊ, ഒന്ന് പോടാ അവ്ടുന്നു.

പരീക്ഷ കഴിഞ്ഞു വരുമ്പോ വീട്ടില്‍ അച്ഛന്‍ ചോദിച്ചു എത്രയാടാ മാര്ക്കെ ന്നു ഞാന്‍ പറഞ്ഞു, മുപ്പത്തി എട്ടു എന്ന്, അപ്പൊ അച്ഛന്‍ ചോദിച്ചു ബാക്കി 12 എവ്ടാടാ, അയാം ദി സോറി അച്ഛാ അയാം ദി സോറി. ബാക്കി 12 ഉറുപ്പികക്ക് ഞാന്‍ പഞ്ചസാര വാങ്ങി.

അത്രയ്ക്ക് കുടുംബ സ്നേഹാ ഡാ ഈ അറുമുഗേട്ടനു.....

(ഒരു ബന്ധവുമില്ല ഞങ്ങള്‍ പരസ്പരം നോക്കി നില്കുമ്പോ)

മൂപ്പര്‍ അന്യന്‍ സ്ടയിലില്‍ കരഞ്ഞു പിന്നെ ചിരിച്ചു പിന്നേം കരഞ്ഞു നടന്നകന്നു
 

പുതുപണകാരന്‍

നാട്ടിലെ പുതുപണകാരന്‍. അണ്ണന്‍,, പെട്ടെന്ന് കുറച്ചു പൈസ വന്നപ്പോള്‍ എന്നാ പിന്നെ പലിശക്ക്‌ കൊടുക്കാം.... പിന്നെ ചില പെരുകെട്ട,, ബ്ലേഡ് കാരോടൊക്കെ അഭിപ്രായവും, പിന്നെ ചില്ലറ സംവാദങ്ങളും നടത്തി.. പലരും തങ്ങളുടെ രീതി പറഞ്ഞു കൊടുത്തു, ചെക്ക് ഒപ്പിട്ട് വാങ്ങണം അതും ബ്ലാങ്ക്, ചിലര്‍ പറഞ്ഞു മുദ്രപത്രമാണ് നല്ലത്, വേറെ ചിലര്‍ പരഞ്ഞു നീ കൊടുകന്ടരാ.., ഇപോ ഭയങ്കര പ്രശ്നാ, എല്ലാം കേട്ട് അവസാനം തീരുമാനമെടുത്തു. (മനസ്സില്‍ പറഞ്ഞു... ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് തോനുന്നതെ ഞാന്‍ ചെയ്യു)

അരോ പറഞ്ഞതരിന്ജ്‌, പൈസ വാങ്ങാന്‍ ആളെത്തി, ചോദിച്ച പൈസ കൊടുത്തു.. അയാള് പൈസെയും കൊണ്ട് പോകാന്‍ നേരം ,,, പ്രബി അണ്ണന്‍ , ജോസ് പ്രകാശ്‌ സ്ടയിലില്‍, സിഗരറ്റ് ചുണ്ടിന്റെ ഇടതു വശത്ത് കൊണ്ടുവന്ന് ഒരു ചിരിയാ, എന്നിട്ട് ഒരു ചോദ്യവും “എന്നെ പറ്റിച്ച് പോവമെന്നു കരുതി അല്ലെ.... ഇതാ ബ്ലാങ്ക് ചെക്ക്”

(ചെക്ക് വാങ്ങുന്നതിന് പകരം ഒരെണ്ണം അങ്ങടാ കൊടുത്തു)
പൈസെയും അതിനോടൊപ്പം കിട്ടിയ ഒപ്പിട്ട ബ്ലാങ്ക് ചെക്കും നോക്കി തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളി സ്റ്റൈലില്‍ അയാള്‍ നടന്നു.

ഫ്രം അഡ്രെസ്സ്

വീണ്ടും മ്മടെ അണ്ണന്‍

യൌവനത്തിന്റെ തീഷ്ണതയില്‍ അണ്ണന് ഏറണാകുളം ടൌണില്‍ ജോലി കിട്ടി.. താമസം കൂട്ടുകാരോടൊപ്പം. ജീവിതം സുഖകരം. ഞായറാഴ്ച ഹോളിഡേ. 
ഒരു ദിവസം കാലത്ത് വീടിനു പുറത്തു കൂടി പാഞ്ഞു പോകുന്ന ബസിനുള്ളില്‍ നിന്നും, സുന്ദരമായ ഒരു തല അത് തന്റെ രണ്ടു കണ്ണും കൊണ്ട്ട് ഒറ്റ ഏറാന്ന്, അണ്ണന്റെ നെഞ്ചും കൂടില്‍ അത് വരെ കൊണ്ട്ട് നടന്ന രണ്ടു മൂന്ന് ലഡ്ഡു അതപ്പോ തന്നെ പൊട്ടി പൊടിഞ്ഞു. അങ്ങനെ ആഴ്ചകളും, മാസങ്ങളും കഴിഞ്ഞു, ഉണ്ടാരുന്ന ലഡ്ഡു മുഴുവന്‍ തീര്ന്നു .

ഒരു ദിവസം കൂടുകാരന്റെ വെസ്പ സ്‌കൂട്ടര്‍ കടം വാങ്ങി ബസിന്റെ പിന്നാലെ വെച്ച് പിടിച്ചു, അവസാനം നമ്മടെ കഥാ നായിക ബസില്‍ നിന്നും ഇറങ്ങി പോയത്‌ ഒരു ലേഡീസ് ഹോസ്റ്റലിലേക്കാണ്. പണ്ടു പ്രേം നസീര്‍ ഒളിച്ചു നിന്ന് ഉമ്മറിന്റെ കൊള്ള സംഘം കണ്ടു പിടിച്ച സന്തോഷത്തില്‍ തിരിച്ചു റൂമിലേക്ക്‌. അടുത്ത ദിവസം ബസ്‌ ഇറങ്ങി നായിക ഹോസ്റലില്‍ പോകുന്നതിനു തൊട്ടു മുന്പ്ി‌ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചന്റെ ലൂക്കില്‍ അണ്ണന്‍ ഓടി ചെന്ന് മനസ്സിലുള്ള കാര്യം ഈ പുഴയും കടന്നില്‍ ഗോപി പറയുന്ന സ്ടയിലില്‍ പറഞ്ഞു. 
നായിക നാണവും പേടിയും ചേര്ന്നി ഒരു സ്പെഷ്യല്‍ ചിരിയോടു കൂടി പറഞ്ഞു ചേട്ടന്‍ പറയാനുള്ളത്‌ മുഴുവന്‍ ഒരു കത്തില്‍ എഴുതിയാല്‍ മതി ,ഇനി പത്തു ദിവസം സ്ടഡി ലീവ് ആണ്അണ്ണന്‍ എന്തെങ്കിലും പറയുന്നതിന് മുന്പ്ി‌ അവള്‍ സ്വന്തം പേരും പിന്നെഹോസ്റ്റല്‍ ഗേറ്റില്‍ വെച്ച ബോര്ഡ്മ‌ ചൂണ്ടി കാണിച്ച, “ഇതാണ് എന്റെ അഡ്രെസ്സ് എന്ന് പറയാതെ പറഞ്ഞു സ്ലോ മോഷനില്‍ അകത്തേക്ക് പോയി

അന്ന് രാത്രി അണ്ണന്‍ ഉറക്കമൊഴിച്ച് തന്റെ മനസ്സ് മുഴുവന്‍ ഒരു പേപ്പറില്‍ ആക്കി വൃത്തിയായി ഒരു കവറില്‍ ആക്കി. (ഇത് വരെ എല്ലാം നല്ലത് പോലെ നടന്നു പക്ഷെ ഇതാണ് അണ്ണന്റെ ജീവിതം മാറ്റി മറിച്ചത്) 
വൃത്തിയായി അഡ്രസ്‌ എഴുതി , പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നതിനു മുന്പ്സഹമുറിയനും കൂട്ടുകാരനും ആയ നാട്ടുകാരന്‍ അണ്ണനോട് ചോദി ച്ചു, ഫ്രം അഡ്രസ്‌ എഴുതന്റെ? “പ്രേമ ലേഖനത്തില്‍ ആരെങ്കിലും ഫ്രം അഡ്രസ്‌ വെക്കോ?” അണ്ണന്‍ തിരിച്ചും ചോദിച്ചു ..പിന്ന്നെ!!!! ഡാ നിനക്കൊരു അഡ്രസ്‌ ഉണ്ടെന്നു അവളും അറിയട്ടടാ പ്പാ. അങ്ങനെ ഫ്രം അഡ്രസ്‌ എഴുതിയ കത്ത് പെട്ടിയില്‍ ഇട്ടു. ( അന്ന് രാത്രി അണ്ണന്‍ സ്വപ്നം കണ്ടത്‌ മറ്റേ പാട്ടാണ് മുത്ത്‌ ചിപ്പി പോലൊരു കത്ത്തിന്നുള്ളില്‍...എന്ന പട്ടു പലതവണ കേട്ടു.

രണ്ടു മൂന്നു ഡിദിവസം കഴിഞ്ഞു അണ്ണന്‍ നാട്ടില്‍ എത്തി, ഓട്ടോയില്‍ പോയി ഇറങ്ങി കറുത്ത ജീന്സുംഞ വെളുത്ത ഷര്ട്ടും ഇട്ടു പഴയ പൂമ്പാറ്റ ബാല മാസികയിലെ പൂച്ച പോലീസിന്റെ പോലെ ഉള്ള മീശയും വെച്ച് പതുക്കെ നടന്നു. അത്യാവശ്യത്തിനു തടി ഉള്ളത് കൊണ്ട്ട് ഇടതു തോള്‍ കുറച് ചെരിച്ചാണ് നടപ്പ്.(മനസ്സില്‍ ഒരു ലാലേട്ടന്‍ ഉള്ളത് കൊണ്ടാവും ചിലപ്പോ) വീട്ടില്‍ ചെന്നപ്പോ തന്റെ ബാഗ്‌, വായന ശാലയില്‍ നിന്ന് എടുത്തു തിരിച്ചു കൊടുക്കാതെ വെച്ച പുസ്തകങ്ങള്‍ എല്ലാം പുറത്തു തന്നെ ഉണ്ട്ട്. എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ്ല‌ ഒരു അശരീരി പോലെ ആ വാക്ക് കേട്ടു ഈ പടി കേറരുത് &*%$#, പത്തു കൊല്ലം സ്കൂളില്‍ പോയി പഠിച്ചിട്ട് മലയാളം നിനക്ക് അറിയില്ല അല്ലേടാ... എന്ന് പറഞ്ഞു അകത്തു നിന്നും ഒരു ചുരുട്ടി കൂട്ടിയ പേപ്പര്‍ തന്റെ തലയില്‍ വന്നു കൊണ്ടു അതെ അത് അണ്ണന്‍ അയച്ച പ്രേമലേഖനം ആയിരുന്നു. ഇതെങ്ങനെ ഇവിടെ എത്തി എന്നാലോചിച് നോക്കിയപ്പോലാണ് അത് കണ്ടത്‌
ഫ്രം അഡ്രെസ്സ് ഹോസ്റ്റലിലേതാരുന്നു.
To അഡ്രസ്‌ വീട്ടിലെയും.

ശരിക്കും പുനര്‍ജനി


മണി ചെയ്ന്‍ അഥവാ ചങ്ങല കുറി

മണി ചെയ്ന്‍ അഥവാ ചങ്ങല കുറി

ആദ്യമായി ഞങ്ങടെ നാട്ടില്‍ ചങ്ങല കുറി വന്ന നാള്‍. 
നാട്ടിലെല്ലാം സംസാരം ഇതാണ് വെറും 3900 കൊടുതാല്‍ ചേരാം, പിന്നെ നമ്മുടെ 2 ലെഗിലും ഓരോരുത്തരെ ചേര്ക്കണം അപ്പൊ ഒരു 2000 കിട്ടും, പിന്നെ അവര്‍ നാല് പേരെ ചേര്ക്കും0 ആപ്പോ 4000 കിട്ടും 
ആളെ ചേര്ക്കാ ന്‍ തുടങ്ങി, 

ആദ്യമായി തുടങ്ങിയവര്‍ അവര്ക്ക് വന്ന വലിയ തുകയുടെ ചെക്കുമായി വൈകീട്ട് നടക്കാന്‍ ഇറങ്ങി, പിന്നെ ഇതില് ചേര്ന്നട VIP കളുടെ ലിസ്റ്റും.
അങ്ങനെ കണക്ക് കൂട്ടിയപ്പോള്‍ ഒരു ആഴ്ചക്കുള്ളില്‍ ബാങ്കില് മ്മടെ പേരിലൊരു റൂം വേണ്ടി വരും .....

അണ്ണനും ചേര്ന്നു . പൈസക്കുള്ള ആര്ത്തിി കൊണ്ടൊന്നുമല്ല, പണിയെടുക്കാതെ തിന്നാലോ എന്ന് മാത്രം കരുതിയാണ്.
അണ്ണന്‍ പറഞ്ഞാല്‍ ആരും ചേരുന്നു മില്ല. എല്ലാരും ചോദിക്യാണ് “നിനക്ക് കിട്ടിയതിന്റെ ചെക്ക് കാണിക് എന്നാ ആലോചിക്കാം”

അണ്ണന്‍ അവസാനം വീട്ടില്‍ കിടന്നിരുന്ന ഒരു പഴയ ചെക്ക് എടുത്തു
അതില്‍ Rs. 1,00,000=00 എന്നെഴുതി പിന്നെ തന്റെ പേര് എഴുതി.

അപ്പോളാണ് തന്റെ പേര് കാരനായ മറ്റൊരുത്തനും നാട്ടില്‍ കുറിയില്‍ ചേര്ന്നണ കാര്യം ഓര്മ്മ വന്നത്. ഇത് അവന്റെ ചെക്ക് ആണെന്ന് ആരെങ്കിലും പറയും.

അണ്ണന്‍ അവസാനം ചെക്കില് തന്റെ പേര് ഇന്ഗ്ലിഷില്‍ എഴുതിയതിനോട് ചേര്ന്ന് ബ്രാകറ്റില്‍ മലയാളത്തില്
( വാടാച്ചി കുളത്തിന്റെ തൊട്ടടുത്ത വീട്) എന്നെഴുതി.

പിന്നെ കണ്ടത്‌ ലെഗില് ആളെ ചേര്‍ക്കാന്‍ നടന്ന അണ്ണന്റെ ഒരു ലെഗില് പ്ലാസ്റ്റര്‍ ഇട്ടതാണ്

വയറിംഗ്

ജീവിതമെന്ന യാത്രയില്‍ നമ്മള്‍ വിചാരിച്ചതൊന്നുമല്ല നടക്കണത്. ആരൊക്കെയോ പണ്ടെങ്ങോ തീരുമാനിച്ചുറപ്പിച്ച പോലെ അണ്ണന്‍ ഇലക്ട്രിഷ്യന്‍ ആയി.

ആദ്യമായി പണി കഴിച്ച വീടിന്റെ (പാലുകാച്ചല്‍) house warming ആണ്
വീടിന്റെ ഉടമസ്ഥന്‍ സന്തോഷത്തോടു കൂടി, എല്ലാവര്ക്കും ഓരോ മുണ്ടും കൊടത്തു. 

ഉല്ഗാടനം ചെയ്യാന്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കക്കൂസിലെ ലയിറ്റ്‌ 
കത്തി കെട്ടു, 

കത്തി കെട്ടു,

കത്തി കെട്ടു.

ഒടുക്കത്തെ വയറിംഗ്

ലോഗരിതം

ലോഗരിതം

പിന്നിലെ ബെഞ്ചില്‍ ആണെങ്കിലും അവന്‍ പഠനത്തില്‍ അതി വേഗം ബഹുദൂരം മുന്നില്‍ തന്നെ.

എന്നും മൂപ്പര്‍ ഓരോന്ന് പറഞ്ഞു വീട്ടിന്നു കാഷ്‌ വാങ്ങും,

ശിശുദിനം സ്റ്റാമ്പ്‌,
പരീക്ഷ ഫീസ്,
ഗാന്ധി ജയന്തി,

ഇനി പറയാന്‍ ബാക്കി ഒന്നുമില്ലതായപ്പോ വീട്ടില്‍ പോയി ചോദിച്ചു .

“ അച്ഛാ ടീച്ചര്‍ പറഞ്ഞു അമ്പതു ഉറുപ്പിക വേണം ന്നു”

എന്തിനാട ഇപ്പൊ പൈസ അച്ഛന്‍ ചോദിച്ചു

“അച്ഛാ ലോഗരിതം ടാബിളിന്റെ കാലു ഒടിഞ്ഞു.”
 

മദര്‍ കോക്കനട്ട്

ഒരു ദിവസം അണ്ണന്‍ മുള്ളൂര്കരയില്‍ നിന്നും ഷോര്ണൂ്ര്ക്ക് പോകാന്‍ കരിപ്പാല്‍ ബസില്‍ കയറി, 

ബസില്‍ രണ്ടു വിദേശികളും ഉണ്ടാരുന്നു.. അവര് രണ്ടും കലാമണ്ഡലം ടിക്കെടും അണ്ണന്‍ ഷോര്ണൂര്‍ ടിക്കറ്റ് എടുത്തു.

ബസില്‍ സീറ്റ്‌ ഇല്ലതോന്റ്റ്‌ അണ്ണന്‍ നില്പ്പാ ണ്, വിദേശികളും കുറച്ചു മുന്നിലായി നില്ക്കു ന്നു...

പിന്നാലെ വന്ന ചിറയത്ത് ബസിനെ വെട്ടിച് വെട്ടികാട്ടിരി തിരിവ് വളച്ചൊടിച്ചു കരിപ്പാല് കാരന്‍ ഡ്രൈവര്‍ മുന്നോട്ടു കുതിച്ചു , ബസില്‍ പിടിക്കാതെ നിന്ന് മോബൈലില്‍ തലേന്ന് വന്ന എസ് എം എസ് വായിച്ചു അര്ഥം് മനസ്സിലാക്കുന്ന അണ്ണന്‍ നേരെ പോയി വീണത് വിദേശികളുടെ മേത്താണ്.
അവര് ഇംഗ്ലീഷില്‍ പുളിച്ച തെറി അവിടുന്ന് കലാമണ്ഡലം വരെ തുടര്ന്നു.

അണ്ണന്‍ കേട്ട തെറികള്‍ ഒന്നും അര്ഥം അറിയില്ല എന്ന് മാത്രമല്ല തിരിച്ചു പറയാന്‍ കിട്ടുന്നുമില്ല. അവര് കലാമണ്ഡലം സ്റ്റോപ്പ്‌ ഇറങ്ങി ബസ്‌ എടുത്തപ്പോള്‍ അണ്ണന്‍ കൈ കൊട്ടി അവരെ ഉറക്കെ വിളിച്ചു എന്നിട്ട് വിശിഷ്ടമായ മലയാളം തെറി ഇംഗ്ലീഷില്‍ തര്ജ്ജെമ ചെയ്തു ഉറക്കെ വിളിച്ചു പറഞ്ഞു.....

“ ഹേയ് യുവര്‍ മദര്‍ കോക്കനട്ട്”

മേഘമല്‍ഹാര്‍

മേഘമല്‍ഹാര്‍

ഷോര്‍ണൂര്‍ മേളത്തിലും, സുമയിലും വരുന്ന വിജയ്‌ പടങ്ങള്‍ കണ്ടിടുന്ട്ട് എന്നല്ലാതെ അണ്ണന് തമിഴ് വലിയ വശമില്ല.

ഒരു ദിവസം ഒരു റോങ്ങ്‌ നമ്പര്‍ കയറി വന്നു, മറുവശത്ത് അത്യാവശ്യം തരകേടില്ലാത്ത സ്ത്രീ ശബ്ദം.. തമിഴില്‍. 

പിന്നെ സ്ഥിരമായി വിളി തുടങ്ങി, എന്നും രാത്രി കൃത്യം ഒമ്പത്‌ മണിക്ക് അണ്ണന്‍ വീടിനു പുറത്തുള്ള പാടത്തു കൂടെ നാഗവല്ലനായി തമിഴും പറഞ്ഞു നടന്നു. 

ഒരു ദിവസം ഞങ്ങള്‍ എന്താണ് ഈ ചെങ്ങായി പറയണത്‌ എന്ന് കേള്‍ക്കാന്‍ ഇരുട്ടത്തു ഒളിച്ചിരുന്നു. പക്ഷെ അന്നാണ് ആ വലിയ ശരീരത്തില്‍ ഉള്ള കല ഹൃദയം ഞങ്ങള്ക്ക് മനസ്സിലായത്‌.

ഇളയരാജയുടെ ഏതോ പഴയ തമിഴ്‌ പാട്ടിന്റെ ഈണത്തില്‍ മൂപ്പര്‍ ഇങ്ങനെ പാടുന്നു.

(ഒരു റോജ പൂ നാന്‍ ഉണ്കളുക് തന്നതെയ്‌ ഇല്ലൈ,

പിന്നെ എപ്പടി നീ അറിഞ്ഞ്ജു , എന്‍ റോജ മരം

പൂക്കുന്നതെയ. ഉനകാകഎന്ന്,)

കഷ്ടപെട്ട് തര്‍ജ്ജമ ചെയ്തതാ സ്ഥിതിയിലെ പാട്ട്

" ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല , എങ്കിലും എങ്ങനെ നീ അറിഞ്ഞു എന്റെ ചെമ്പനീര്‍ പൂകുന്ന്തായ് നിനക്കായ്"

സെറ്റില്മെന്റ്റ്‌

അന്നും ഇന്നും

അന്ന്
ഒരു കാലത്ത്‌ ഇല്ലാത്ത മീശ ഉണ്ടെന്നു കാണിക്കാന്‍ മീശ വരച്ചു നടന്നവന്‍, കരടി നെയ്യ് പുരട്ടി മീശക്കായ്‌ ഒറ്റക്കാലില്‍ തപസ്‌ ചെയ്തവന്‍....

കുടിക്കാത്ത മദ്യം കുടിചെന്നു കാണിച്ചു, ആടി ആടി നാവു കുഴഞ്ഞു അഭിനയിച്ചവന്‍....

ഇന്ന്
സില്‍മയില്‍ ചാകൊച്ചനും, പ്രിഥ്വിയും എല്ലാരും മീശ എടുത്തു എന്ന് പറഞ്ഞു മീശ ഇല്ലാതെ നടക്കുന്നു... മീശയെടുതാല്‍ വയസ്സ് കുറയും ത്രേ, ത്രേ ത്രേ....

ഒരു ആറു എണ്ണം അകത്താകിയിട്ട് ഇരുട്ടത്ത് മുകളില്‍ പോകുന്ന കറന്‍റ് കമ്പിയുടെ നിഴലില്‍ കൂടി ലയിന്‍ തെറ്റാതെ നടക്കുന്നു

സല്സ്വഭാവി

മണ്ണാറതൊടി ജയകൃഷ്ണന്‍

മണ്ണാറതൊടി ജയകൃഷ്ണന്‍ ഇപ്പോളും വന്നു തൃശ്ശൂരിലെ ബാറില്‍ കയറി നാരങ്ങാ വെള്ളം കാച്ചുന്നുന്ടായിരിക്കാം.

പക്ഷെ ബാറിലെ സപ്ലയര്‍ ഡേവിഡ്‌ ഏട്ടന്‍, 
ദേവി ഇലെക്ട്രികല്‍സ് ഉടമ ഋഷി
ദേവമാത ബസ്‌ മുതലാളി ബാബു
ഡയറി കക്ഷത്ത്‌ വെച്ച് നടക്കണ തങ്ങള്‍

ഇവരെല്ലാം ജയകൃഷ്ണന്‍റെ കൂടെ തന്നെ കാണുമോ??

ലാലേട്ടന്‍

ഒരു ദിവസം മോഹന്‍ലാല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി, സ്വന്തം കാര്‍ വരാത്തത് കൊണ്ടു പെട്ടെന്ന് ഒരു ടാക്സി പിടിച്ചു പുറത്തിറങ്ങി.

കുറച്ചു ദൂരം ചെന്നപ്പോള്‍ ലാലേട്ടന് ഒരു ആഗ്രഹം ഡ്രൈവ് ചെയ്താലോ എന്ന്, ഡ്രൈവറെ പിടിച്ചു പിന്നിലെ സീറ്റില്‍ ഇരുത്തി ലാലേട്ടന്‍ ഡ്രൈവിംഗ് തുടങ്ങി.

പിന്നെയും കുറെ ദൂരം പോയി വഴിയില്‍ എന്തോ സെക്യൂരിറ്റി ചെക്കിംഗ് നടക്കുന്നു ,പോലീസ് കാരന്‍ തടഞ്ഞു, വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ പിന്നിലെ സീറ്റിലേക്ക്‌ സൂക്ഷിച്ചു നോക്കുന്നുന്റ്റ്‌ വീണ്ടും വീണ്ടും.

പെട്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥൻ ദൂരെ നിന്ന് ചോദിച്ചു എന്താടോ അവടെ ?

സര്‍ ഏതോ വല്ല്യ പുള്ളിയാ ഡ്രൈവര്‍ ആയിട്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയാ വെച്ചിരിക്കുന്നത്.

ഉല്ലാസേട്ടന്‍റെ കട

ഉല്ലാസേട്ടന്‍റെ കടവ്യാസ കോളേജിനു മുന്പിലായി അന്ന് മൂന്ന് കടകള്‍ ഉണ്ടാരുന്നുവിജയേട്ടന്‍റെ ഹോട്ടല്‍, ചന്ദ്രേട്ടന്‍റെ ...

Posted by Vinod Neetiyathth on Thursday, May 1, 2014

Wednesday, April 30, 2014

ഇന്ടികെടര്‍

ഇന്ടികേടര്‍

എല്ലാരും കൂടി വാടകക്ക് ഒരു മാരുതി സെന്‍ എടുത്തു, ഡ്രൈവിംഗ് പഠിക്കാന്‍.

ഓരോരുത്തരായി പഠിക്കാന്‍ തുടങ്ങി പഠിപിക്കുന്നത് നമ്മടെ ആത്മാര്‍ത്ത ദോസ്ത്‌ സോമന്‍, റയില്‍വേയില്‍ ആണ് ജോലി. (വേണാട് എക്സ്പ്രസ് വരെ വേണെങ്കില്‍ വരവൂര്‍ വഴി തളി സ്റ്റാന്ഡില് എത്തിക്കും, അത്രയ്ക്ക് പിടിപാടാ) വെറുതെ എഴുതിയതാ ഈ കഥയില്‍ നായകന്‍ ഇവനല്ലാ.

പകല് മുഴുവന്‍ കാര്‍ ഓടിച്ചു ഞങ്ങള്‍ ഒരു മാതിരി സ്റ്റെഡി ആയി, അപ്പോളാണ് എറണാകുളത്തെ പണി കഴിഞ്ഞു അണ്ണന്‍ ലാന്‍ഡ്‌ ചെയ്തത്. അണ്ണന്റെ മുഖം വാടി കാരണം തന്നെക്കാള്‍ വയസ്സുകൊന്ടു ചെറിയവരും, പിന്നെ മൂപ്പര്‍ തന്നെ സയികിള്‍ ചവുട്ടാന്‍ പഠിപ്പിച്ച കിഴക്കെലെ ശിവന്‍ വരെ മാരുതി സെന്‍ കാറോടിക്ക്യാണ്. അണ്ണനെ കണ്ടതും നാലാമത്തെ ഗിയറില്‍ നിന്നും ഇനി ഗിയര്‍ ഉണ്ടെങ്കില്‍ ഞാന്‍ അതും ഇടും എന്ന ആക്ഷനില്‍ ശിവന്‍ ഗീയര്‍ പിടിച്ചു തള്ളി കളിച്ചു. ഇത് കണ്ടു നിന്ന അണ്ണന്റെ് നെഞ്ചാം കൂട് തകര്ന്നു തരിപ്പണ പപ്പട പരുവം ആയി.

കാണാത്ത പോലെ അണ്ണന്‍ പോയി , പെട്ടെന്ന് സോമന് ഒരു എസ് എം എസ് ആണ് അണ്ണന്റെ വക, “ പെട്രോള്‍ അടിക്കാം , പിന്നെ ഞായറഴ്ച എം എച്ച് വാങ്ങുമ്പോ നിന്റെ ഷെയര്‍ ഞാന്‍ ഇടാം, ഇക്കും പഠിക്കണം ,രക്ഷിക്കണം” ഞായറഴ്ചത്തെ പാര്ട്ടി മനസ്സില്‍ കണ്ടപ്പോള്‍ സോമന്‍ ഓക്കേ പറഞ്ഞു.

അണ്ണന്‍ പറഞ്ഞ പോലെ പെട്രോള്‍ അടിച്ചു അന്നു വരെ ബി എസ് എ സൈക്കിള്‍ മാത്രം ഓടിച്ച അണ്ണന്‍ മുള്ളൂര്ക്കര വരവൂര്‍ റോഡില്‍ പൂണ്ടു വിളയാടി. അങ്ങനെ ഒരു വിധം സ്ടിയരിംഗ് ഓക്കേ ആയി. വണ്ടി കാഞ്ഞിരശ്ശേരി സെന്ററില്‍ എത്തിയപ്പോ ജമാലിന്റെ കടെന്നു ഒരു നാരങ്ങ സോഡാ കുടിച്ചു, സോഡാ കുടിക്കുമ്പോള്‍ തരിപ്പ് കാരണം തന്മാത്രകള്‍ ചുണ്ടില്‍ കൂട്ടി മുട്ടി പൊട്ടി തെറിച്ചു, മുഖ പ്രസാദം കണ്ട ജമാല് ചോദിച്ചു എങ്ങനെന്ട്ട് സോഡാ, അണ്ണന്‍ ചിരിച്ചുകൊന്റ്റ്‌ മറുപടി പറഞ്ഞു “നല്ല ഉന്മേഷം”

അപ്പൊ അവടെ നിന്ന ആരോ ചോദിച്ചു എങ്ങനെ ഉണ്ട്ട് ഡ്രൈവിംഗ് അണ്ണന്‍ വീരവാദം തുടങ്ങി “ക്ലച് , ബ്രയിക്ക്‌, ആക്സിലരാടര്‍ ഇതല്ലാതെ വേറെന്താ ഉള്ളത്, ഒന്നുല്ല്യ. തമിഴന്‍ ലോറി ഓടിക്കണ ആളോട് പെട്ടി ഒട്ടോര്ഷാ ഓടിക്കാന്‍ പറഞ്ഞ പോലെ അണ്ണന്‍ ചിരിച്ചു.നേരത്തെ കുടിച്ച നാരങ്ങ സോഡാ രാസ പ്രവര്ത്തുനം നടത്തി അത് കേട്ടാല്‍ അറക്കുന്നാ ഒരു ശബ്ദം ആയി പുറത്തേക്കു വന്നു.

അവ്ടുന്നു കാറെടുത്ത് താഴെ പോയി സോമന്‍ ആശാനും ഉണ്ട്ട് കൂടെ, തിരിച്ചു ശ്രീധരേട്ടന്റെ കട എത്തിയപ്പോള്‍ അണ്ണന്‍ പറഞ്ഞു സോമാ നീ ഇറങ്ങ് ഞാന്‍ ഒറ്റയ്ക്ക് ഒന്ന് ഓടിക്കട്ടെ , സോമന്‍ ഇറങ്ങി സയിടായി, വണ്ടി മൂവിംഗ് ആയപ്പോള്‍ തല പുറത്തിട്ടു

അണ്ണന്‍ : ഇതെന്താ ഈ സാധനം. സോമാ?
സോമന്‍ അണ്ണാ അത് ഇന്ടികേടര്‍ ആണ്, ഞാന്‍ പറയാന്‍ മറന്നു
അണ്ണന്‍ : അതെന്തിനാ ?
സോമന്‍ : ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുമ്പോ ഇടാനാ,

അപ്പോഴേക്കും മൂപ്പര്‍ കാറും കൊണ്ടു പാഞ്ഞു കാഞ്ഞിരശ്ശേരി സെന്റെരിലെ കേറ്റം അതിന്റെ ഒപ്പോസിറ്റ്‌ ആണ് മ്മടെ ജമാലിന്റെ കട നല്ല സ്പീഡില്‍ വന്നു അണ്ണന്‍ നല്ല ഒരു ഡ്രൈവറെ പോലെ വലത്തോട്ട് ഇന്ടികാടര്‍ ഇട്ടു മുള്ളൂര്കരക്ക് പോകാനായി പക്ഷെ സ്ടിയരിംഗ് തിരിച്ചില്ല നേരെ ജമാലിന്റെ കടയിലേക്ക്‌.

ജമാല്‍ കൊയികോട് ഭാസേല് പറഞ്ഞു പണ്ടാര കാലാ അണക്ക് സോഡാ കുടിച്ചു ഉന്മേഷം വന്നു പറഞ്ഞപ്പോ നമ്മള് ഇത്ര പ്രതീഷിചില്ലാ..

താഴെന്നു സോമന്‍ ഓടി കിതച്ചു വന്നു ചോദിച്ചു എന്താ അണ്ണാ സ്ടിയരിംഗ് തിരിക്കാഞ്ഞത്

അതിനു നീയല്ലേ പറഞ്ഞത്‌ തിരിക്കാന്‍ ഇന്ടികാടര്‍ ഇട്ടാല്‍ മതി എന്ന്.

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍