Friday, June 6, 2014

വയലാര്‍ രവിടെ തട്ടുകട

ഞങ്ങള്‍ കാഞ്ഞിരശ്ശേരിഗ്രാമവാസികള്‍ ഭാഗ്യമുള്ളവരാണ് , കാരണം വയലാര്‍ രവി ഉണ്ടാക്കിയ കൊള്ളിയും , ബോട്ടിയും , ബീഫും പൊറോട്ടയും കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് തന്നെ.

കഴിഞ്ഞ വര്ഷം നാട്ടില്‍ പോയപ്പോ തട്ടുകടയിലെ പിന്നിലെ പൈപ്പ് പൊട്ടിയത് ശരിയാക്കണത് ഞാന്‍ കണ്ടതാ.. അന്ന് ഞാന്‍ വെര്തെ കുശലം ചോദിച്ചതും ആണ് എങ്ങനെന്ട്രാ ഗഡി കച്ചോടം.... അപ്പൊ വയലാര്‍ രവി പറഞ്ഞു മണ്ടലമാസം കാരണം കച്ചോടം കുറവാന്നു.

നിങ്ങള്‍ ഇപ്പൊ ആലോചിക്കാവും: ആര് നമ്മടെ കേന്ദ്ര മന്ത്രി ആയിരുന്ന നേതാവോ? വര്ഷ്ങ്ങളായി പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അദ്ധേഹത്തിനു തട്ട് കടയോ? ഹേയ് വെര്തെ.. ങേ..

അല്ല സത്യാ ചെങ്ങായീ ..

പത്തു മുപ്പതു കൊല്ലം മുന്പു ഇത് പോലെയുള്ള ഒരു മെയ്‌ മാസത്തില്‍ നാട്ടിലെ ഒരേ ഒരു സ്കൂളായ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ സ്കൂളില്‍ പുതിയ അഡ്മിഷന്‍ നടക്കുന്നു. നാരായണന്‍ മാഷ്‌ , അറബി മാഷ്‌ എല്ലാരും ഇരിക്കുന്നു അഡ്മിഷന്‍ എഴുത്ത് കുത്തുകള്‍ നടക്കുന്നു. രക്ഷിതാക്കളും കുട്ടികളും വരി വരിയായി വന്നു കൊണ്ടിരിക്കുന്നു.

ഉടുത്തിരിക്കുന്ന കള്ളി മുണ്ട് ഉയരത്തില്‍ തന്നെ പൊക്കി ചുറ്റി, തലയില്‍ ഒരു മുഷിഞ്ഞ വെളുത്ത കെട്ടുമായി അടിച്ചു ഫിറ്റായി ഒരു മെലിഞ്ഞ ശരീരം, മകന്‍റെ കയ്യും പിടിച്ചു ചവിട്ടി അടിച്ചു സ്കൂളില്‍ കയറി വന്നു പേര് രമേശ്‌ കണ്ണന്‍.

വന്നപാടെ നേരെ മാഷെ കണ്ടു പറഞ്ഞു “ മാഷെ ഇത് എന്റെ മോന്‍ രവി ഇവനെ ഇവടെ ചേര്ക്കാന്‍ വന്നതാ.. അനുഗ്രഹിക്കണം” ,തിരക്കിനിടയില്‍ മാഷ്‌ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ വരിയില്‍ പിന്നില്‍പോയി നിക്ക് എന്നിട്ട് ഏതോ രക്ഷിതാവിനെ നോക്കി ഒരു ചിരിയും. നമ്മുടെ ഹീറോ രമേശ്‌ കണ്ണന് ഇത് അത്ര രസിച്ചില്ല മൂപ്പര്‍ പിന്നില്‍ പോയി നിന്നു.

കുറെ നേരം വരിയില്‍ വെയിലത്ത്‌ നിന്ന് കുടിച്ച കള്ളിന്‍റെ കിക്ക് ഇറങ്ങും എന്നായപ്പോള്‍ മൂപ്പര്‍ പിന്നില്‍ നിന്ന് കലപിലപലവിധ ശബ്ദം പുറപെടുവിക്കാന്‍ തുടങ്ങി, ഇത് കേട്ട നാരായണന്‍ മാഷ്‌ കളിയാക്കി ഉറക്കെ വിളിച്ചു പറഞ്ഞു “ പിന്നില്‍ നിക്കണ വയലാര്‍ രവിയും അവന്റെ അച്ഛനേം വിളിക്ക്. വലിയ നേതാവല്ലേ , പെട്ടെന്ന് ചെയ്തേക്കാം നമ്മടെ ജോലി പോയാലോ”

ഇതും കൂടി കേട്ടപ്പോ കണ്ണേട്ടന്‍ റോള്‍ ആയി ...
മാഷടെ മുന്നില്‍ ചെന്ന് നിന്ന് ഉടുത്ത മുണ്ട് ഒരല്പം. കൂടി ഇളക്കി ഉയര്‍ത്തി ചുറ്റി ആകെ കൂടി ഉള്ള റേഷന്‍ കാര്‍ഡ് മേശ പുറത്ത്‌ വെച്ചു.

എല്ലാം പൂരിപ്പിച്ചു പിന്നെ വിദ്യാര്ഥി യുടെ പേര് എന്ന കോളമായപ്പോള്‍ മാഷ്‌ ചോദിച്ചു “ എന്താ ഇവന്റെ പേര് രവി ആണോ അതൊ രവികുമാര്‍ എന്നാണോ”

നമ്മടെ ഹീറോ ഈ ചോദ്യത്തിന് വേണ്ടി കാത്തിരിക്യാരുന്നു.

പേര് വയലാര്‍ രവി.

നേരത്തെ മാഷ്‌ കളിയാകിയത്തിനു പകരം വീടിയതാ. ഇതിനെ തുടര്ന്നുണ്ടായ സംസാരവും കശപശയും കാരണം മാഷ്‌ ശക്തമായി എതിര്ത്തു ഇങ്ങനെ പേര് വെക്കാന്‍.

പക്ഷെ പിന്നീട് പഞ്ചായത്തിലും ബ്ലോക്കിലും വേറെ എവിടെയൊക്കെയോ പോയി ആരെയൊക്കെയോ കണ്ടു മകന്റെ പേര് അത് തന്നെ ഉറപ്പിച്ചു

വയലാര്‍ രവി.

ഇന്നും വയലാര്‍ രവി ഓംലെറ്റ്‌ ഉണ്ടാക്കി അതിനു മുകളില്‍ കുരുമുളകു പൊടി വാരി വിതറി അതിന്‍റെ സ്വാദ് കൂട്ടുന്നുന്ടായിരിക്കാം.

കഥയിലെ ഹീറോ എന്തായാലും വയലാര്‍ രവി അല്ല അവനു ആ പേര് ഇട്ട രമേശ്‌ കണ്ണന്‍ തന്നെ.

ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം അല്ലാത്തത് കൊണ്ടും വയലാര്‍ രവി ചിലപ്പോ ഇത് അറിയാന്‍ സാധ്യത ഉള്ളത് കൊണ്ടും ഒരു മുന്‍കൂര്‍ അപേക്ഷ :

ഡാ രവി കുരുമുളക് പൊടി എന്‍റെ കണ്ണില്‍ വിതറി എനിക്ക് നീ പണി തരരുത്‌.

പിന്നെ കേക്കുന്നവര്‍ എന്ത് വിചാരിക്കും വയലാര്‍ രവിടെ അടി കൊണ്ട്ട് ആശുപത്രിയില് ആയി എന്നൊക്കെ പറഞ്ഞാല്‍

ങേ..

No comments:

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍