Friday, June 27, 2014

യുനിക്ക് കോളെജ് ആന്‍ഡ്‌ രവി മാഷ്‌..

പത്താം ക്ലാസ്‌ പഠന  സമയത്ത് മുള്ളൂര്‍ക്കര തിരുവാണിക്കാവ് അമ്പലത്തിനോട് ചേര്‍ന്ന് നിക്കുന്ന യുനിക് കോളേജില്‍ ട്യുഷനു  പോയിരുന്ന കാലം. ഒരു പഴയ വീടായിരുന്നു അവര്‍ കോളേജ് ആക്കിയത്‌, ഞങ്ങടെ കണക്ക് പഠിച്ചിരുന്ന ക്ലാസ്സ്‌റൂമില്‍ അമ്മി കല്ല്‌ സിമന്റില്‍ പിടിപ്പിച്ചിരുന്നു. പിന്നിലെ അടുക്കള ആണ് ഹിന്ദി ക്ലാസ്‌ അവ്ടന്നു പുറത്ത്‌ ഇറങ്ങിയാല്‍ കിണര്‍. അങ്ങനെ ഹോംലി ആയി പഠിക്കാന്‍ അവസരം ഉണ്ടായിട്ടും കൂടുതല്‍ കളിച്ചും കുറച് പഠിപ്പും ആയി അര്‍മാദിച്ചു നടന്ന കാലം.

കണക്ക് പഠിപ്പിക്കുന്ന ഡബിള്‍ രാജന്‍ മാഷ്‌ (രാജരാജന്‍ എന്ന പേരിന്‍റെ ആംഗലേയ വല്കരണം) കണക്കില്‍ ഉള്ള എന്‍റെ അമിത താല്പര്യം കാരണം മിക്കവാറും മൂപ്പരടെ ക്ലാസ്സ്‌ ഉള്ള ദിവസം പനിയും തലവേദനയും ആയതിനാല്‍ ആ ദിവസത്തെ ലീവ് നല്‍കുവാന്‍ അപേക്ഷിക്കുന്നു എന്ന ലെറ്റര്‍  ഡേറ്റ് ഇടാതെ ഒരു ഇരുപത്തഞ്ച് കോപ്പി വീടിന്‍റെ അടുത്തുള്ള മുജീബിന്‍റെ ഇക്ക കോയകുട്ടിയെ കൊണ്ട് എഴുതിച്ച് തയ്യാറാക്കി വെച്ചിരുന്നു. ആഴ്ചയില്‍ ഓരോന്ന് എടുത്തു പെടക്കും .  മാഷ്‌ ഇപ്പൊ കെ സ് ആര്‍ ടി സിയില്‍ കണ്ടക്ടര്‍ ആണ്. ഇടയ്ക്കു പേപ്പറില്‍ കെ സ് ആര്‍ ടി സി ക്കാര്‍ക്ക് സാലറി ഈ മാസം ഇല്ല എന്ന ന്യൂസ്‌ കാണുപോള്‍ ഞാന്‍ മാഷെ ഓര്‍ക്കും.

എല്ലാം  അറിയുന്നവന്‍ കൃഷ്ണന്‍ കുട്ടി മാഷ്‌.(ജഗന്‍)
ഫിസിക്സ്‌ , ബയോളജി , ഹിന്ദി ഇനി ആളില്ലത്ത ഏതു സബ്ജെക്ടും ഡീല്‍  ചെയ്യാന്‍ പറ്റിയ ആള്‍ കൃഷ്ണന്‍ കുട്ടി മാഷ്‌  ഒരു പ്രത്യേക ശൈലി ആയിരുന്നു മൂപ്പര്‍ക്ക്, ഇടയ്ക്കിടയ്ക്ക് ല്ലേ ല്ലേ എന്ന് ചോദിക്കും  ക്ലാസ്സ്‌ തുടങ്ങിയ ജൂണ്‍ മാസം ഒന്നാം തിയതി വന്നു എല്ലാരേയും പരിജയപെടും . പിന്നെ തുടങ്ങും  "ഇന്ന് ജൂണ്‍ ഒന്ന് ല്ല്ല്ലേ , എല്ലാരും ചിരിച്ച് കളിച്ച വന്നു ,  നിങ്ങള്‍ വിചാരിക്ക്യാവും  പരീക്ഷ വരാന്‍ ഇനിയും പത്തു മാസം ഉണ്ട്ട്  ല്ല്ലേ ,  എന്നാ കേട്ടോ  നിങ്ങടെ ക്ലാസ്‌ ജനുവരി മുപ്പതിന് തീരും പിന്നെ സ്റ്റഡി ലീവ് ആണ് അപ്പൊ എട്ടു മാസം  ചാല്‍  ഇരുനൂറ്റി നാല്‍പതു ദിവസം ല്ല്ലേ  ഒരു മാസത്തില്‍ എട്ടു ലീവ് , ശനി ഞായര്‍. അപ്പൊ എട്ടു  മാസത്തില് അറുപത്തി നാല് പോയി നൂറ്റി എഴുപത്താര് ല്ലേ  .പിന്നെ ഓണത്തിന് ഒരു പത്ത് ദിവസം,  ക്രിസ്മസിന് ഒരു പത്തു അപ്പൊ നൂറ്റി അമ്പത്താറു ദിവസം ല്ല്ലേ.  പിന്നെ നമ്മടെ നാട്ടില്‍ പത്ത് പന്ത്രന്റ്റ്‌ പൂരം ഉണ്ട്ട് ചെണ്ട പുറത്ത്‌ കോല് വെച്ചാ അവടെ എത്തന്‍ടെ,  രാത്രി പൂരം വരെ കണ്ടു രണ്ടു ദിവസത്തെ ലീവ് എടുത്താല്‍ ഇരുപത്തി നാല് അപ്പൊ നൂറ്റി മുപ്പത്തി രണ്ടു. പിന്നെ പിറന്നാല്‍ , കല്യാണം , അടിയന്തിരം, ഇരുപതെട്ട് എന്നൊക്കെ പറഞ്ഞു വര്‍ഷത്തില്‍ ഒരു ഇരുപതു ദിവസം അപ്പൊ നൂറ്റി പന്ത്രന്റ്റ്‌ ദിവസം. പിന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന ഹര്‍ത്താല്‍ ബന്ദ്‌ പണി മുടക്ക് എല്ലാം കൂടി ഒരു ഇരുപതു അപ്പൊ തോന്നൂട്ടിരന്ടു. പിന്നെ സ്കൂളില്‍ ഇലെക്ഷന്‍, പിന്നെ സമരം യൂത്ഫെസ്ടിവല്‍ എല്ലാം കൂടി ഒരു പതിനഞ്ചു ദിവസം അപ്പൊ എഴുപത്തി ഏഴു ദിവസം ല്ലേ   ഒരു പനി വന്നാ ഒരാഴ്ച് പോയി അപ്പൊ ഇനി വെറും എഴുപതു ദിവസം മാത്രം. നിങ്ങള്‍ക്ക് ആകെ വിഷയങ്ങള്‍ എത്ര ? പന്ത്രന്ട്ട് അപ്പൊ ഒരു വിഷയം പഠിക്കാന്‍ എഴുപതു ബൈ പന്ത്രന്ട്ട് = ആറു ദിവസം മാത്രം ല്ല്ലേ"

എന്ന്  പറഞ്ഞു മൂപ്പര്‍ എഴുന്നേറ്റു പോകും ഷോക്ക് അടിച്ച പോലെ ഞങ്ങളും. പിന്നെ അടുത്ത ക്ലാസ്സില്‍ പോയി വീണ്ടും ഇതേ സ്റ്റോറി.

ഏറ്റവും ബോര്‍ അടിപ്പിച്ചിരുന്ന ക്ലാസ്സ്‌ രവി മാഷടെ ആയിരുന്നു കാരണം പലതാണ് കോളേജിന്റെ ഉടമസ്ഥന്‍ , മാസം മാസം ഫീസ് ചോദിക്കും ഇടയ്ക്കുനാട്ടിലെ ആരെകിലും കണ്ടാല്‍ നമ്മടെ കമ്പ്ലൈന്റ്റ് വീട്ടില്‍ എത്തിക്കും പിന്നെ  ജ്യോഗ്രഫി ആണെടുക്കനത്. അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക   ഭൂകന്ടവും ഭൂമധ്യ രേഖയും എന്ന് വേണ്ട ഭൂമികുലുക്കതിന്റെ കാരണങ്ങളും എല്ല്ലാം പഠിപിച്ചുഞങ്ങളെ വെറുപ്പിച്ചിരുന്ന മാഷിനെ, അന്നത്തെ പൊട്ട ബുദ്ധി കാരണം മനസ്സില്‍ കുറെ ചീത്ത പറഞ്ഞിരുന്നു.

അങ്ങനെ റിസള്‍ട്ട്‌ വരാറായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ നല്ല മാര്‍ക്ക് വാങ്ങി ജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്ട് തന്നെ കാണുന്നവര്‍ ചോദിക്കുന്നു ഏതു  കോളേജിലാ ചേരുന്നത്, ഫസ്റ്റ് ഗ്രൂപ്പ്‌ ആണോ അതോ സെക്കന്റ്‌ ഗ്രൂപ്പ്‌ ആണോ എടുക്കനത്,  നന്നായി പഠിക്കുന്നവര്‍ ഒന്നുകില്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍.  കോളേജില്‍ ഒക്കെ പോവുമ്പോ കുറച്ചു നല്ല ഷര്‍ട്ടും പാന്‍റും വേണം എന്ന എന്റെ അപേക്ഷ പരിഗണിച്ചു വീട്ടില്‍ നിന്നും ഫണ്ട് പാസ്സായി, ആ പൈസയും കൊണ്ട്ട് വടക്കാഞ്ചേരി പോയി മൂന്നു  ഷര്‍ട്ടും  രണ്ടു പാന്‍റും തയിപ്പികാന്‍ എടുത്തു തുന്നാന്‍ അത് വരെ കൊടുത്ത ആളു പോരാ പുതിയ മോഡല്‍ വേണം ന്നു പറഞ്ഞു വടകര പോയി തുന്നാന്‍ പഠിച്ച ബാബുവേട്ടനെ കൊണ്ട് തുന്നിപ്പിച്ചു.

പേപ്പറില്‍ റിസള്‍ട്ട്‌ വരണത്തിന്റെ തലേന്ന് യുനിക് കോളേജില്‍ വന്ന റിസള്‍ട്ട്‌ അറിയാന്‍ എല്ലാരും എത്തി എന്‍റെ നമ്പരിന്റെ സ്ഥാനത്ത്‌ ഒരു സ്റ്റാര്‍,    നാല് പേരുടെ നമ്പരാണ് വരാന്‍ സാധ്യത ഉള്ളത് എന്‍റെയാകാം,  സതീഷ്‌ എം ബിയുടെതാകാം പിന്നെ വേറെ രണ്ടു പേരുടെതാകാം. മറ്റുള്ളവര് എന്തായാലും തോല്‍ക്കും എന്ന് ഉറപ്പുള്ളത്കൊണ്ടു ഞാന്‍ ഉറപ്പിച്ചു അതു എന്‍റെ നമ്പര്‍ തന്നെ അപ്പോളാണ് വെടികെട്ടിനു തീ കൊടുക്കാന്‍ നേരത്ത് പെയ്ത മഴ പോലെ ഒരുത്തന്‍  സതീഷ്‌ എം ബി അവന്‍ എല്ലാം അവസാനിപ്പിച്,  ഉണ്ടാരുന്ന പഴയ പുസ്തകം പകുതി വിലക്ക് വിറ്റ് ആ കാശും കൊണ്ട്ട് കോയമ്പത്തൂര്‍ക്ക് പോകുന്നു സ്വര്‍ണ്ണ പണി പഠിക്കാന്‍,  പോണ പോക്കിന് മ്മക്കിട്ടൊരു പണി പണിതു ചുള്ളന്‍ സ്കൂട്ടായി.  അതവന്‍റെ നമ്പരാണ് എന്ന് അവന്‍ പറഞ്ഞു

മൂന്ന് നാല്  ദിവസം കഴിഞ്ഞു, നാട്ടില്‍ ജയിച്ചവര്‍ സന്തോഷിക്കുകയും അല്ലാത്തവര്‍  പണിക്ക് പോകാനും തുടങ്ങി ഞാന്‍ മാത്രം ഇതിനു രണ്ടിനും ഇടയില്‍ ഉള്ള അവസ്ഥയിലും  പെട്ട് വട്ടം തിരിഞ്ഞു നടന്നു.

ഒരു ദിവസം മുള്ളൂര്‍ക്കരയില്‍ പോയ എന്നെ അവടെ കണ്ട നമ്മടെ രവി മാഷ് കൈ കൊട്ടി  വിളിച്ചു   എനിക്ക് സംസാരിക്കാന്‍ താല്പര്യം ഇല്ലാരുന്നു കാരണം ഇനി ആളോടും പറയണം ഈ കഥ പിന്നെ ഒടുക്കത്തെ ഉപദേശം ആകും. ഞാന്‍ മനസ്സില്ലാ മനസ്സോടെ കാര്യം പറഞ്ഞു മുഴുവന്‍ കേട്ട് മാഷ്‌ എന്‍റെ കൈ പിടിച്ചു വലിച്ചു തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തില്‍ പോയി അന്ന് മന്ത്രി ആയിരുന്ന രാധാകൃഷ്ണന്‍റെ പേര്‍സണല്‍ അസ്സിടന്ടിനു വിളിച്ചു പറഞ്ഞു “രവി മാഷാണ് .. രാധാകൃഷ്ണനെ പഠിപ്പിച്ച മാഷാണ് ഒരു നമ്പര്‍ ജയിച്ചോ എന്നറിയണം” നമ്പര്‍ കൊടുത്തു അഞ്ചു മിനിറ്റ്‌ കഴിഞ്ഞു ബൂത്തിലെ ഫോണില്‍ മന്ത്രിടെ ഓഫീസിന്നു ഫോണ്‍ എന്‍റെ റിസള്‍ട്ട്‌ പ്രക്യാപിച്ചു.

റാങ്ക് കിട്ടിയവര്ടെ പേര്‍ വിദ്യാഭ്യാസ മന്ത്രി പ്രക്യപിച്ചപ്പോള്‍ എന്‍റെ റിസള്‍ട്ട്‌ യുവജന ക്ഷേമ മന്ത്രിയും.

അന്ന് മുതലാണ് രവിമാഷിനെയും  മൂപ്പര്‍ പഠിപ്പിച്ച  അക്ഷാംശ രേഖാംശ രേഖയും അന്ടാര്‍ട്ടിക  ഭൂകന്ടവും ഭൂമധ്യ രേഖയും എല്ലാം ഞാന്‍ ഇഷ്ടപെട്ട് തുടങ്ങിയത്.

No comments:

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍